Site iconSite icon Janayugom Online

ഡല്‍ഹിയിലെ തുർക്ക്മാൻ ഗേറ്റില്‍ സംഘര്‍ഷം

ഡല്‍ഹിയിലെ തുർക്ക്മാൻ ഗേറ്റില്‍ സംഘര്‍ഷം. സയിദ് ഫയിസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ ഇന്ന് പുലർച്ചെ നടന്ന നീക്കത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തിലും കല്ലേറിലും അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് മസ്ജിദുമായി ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചതെന്ന് പൊലീസും ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനും വ്യക്തമാക്കി.

പഴയ ഡല്‍ഹിയിലേക്കുള്ള കവാടങ്ങളിലൊന്നായ തുർക്ക്മാൻ ഗേറ്റിനടുത്ത് അർദ്ധ രാത്രിക്കു ശേഷമാണ് നാടകീയ നീക്കങ്ങളുണ്ടായത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള സയിദ് ഫയിസ് ഇലാഹി മസ്ജിദുമായി ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ മുപ്പതിലധികം ബുൾഡോസറുകളുമായാണ് ഡല്‍ഹി മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. ഡല്‍ഹി പൊലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ച് ഈ മേഖലയിലേക്കുള്ള റോഡുകൾ അടച്ചു. തുർക്ക്മാൻ ഗേറ്റിന് ചേർന്നുള്ള വഴിയിലൂടെ പെട്ടെന്ന് ഒരു സംഘം പ്രതിഷേധിച്ച് സ്ഥലത്തെത്തി. ഇവരിൽ ചിലർ പൊലീസിനെതിരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ ഇവർ പിന്തിരിഞ്ഞോടുകയായിരുന്നു. 

Exit mobile version