ജമ്മു കശ്മീരിലെ കുപ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു സൈന്യം. കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികർ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്.
പ്രത്യേക വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ പിംപിള്‍ ആരംഭിച്ചതായി സൈന്യത്തിന്റെ വൈറ്റ് ചിനാര്‍ കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ഓക്ടോബർ 14ന് കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിക്കണമെന്ന് സൈന്യത്തിന് മേലധികാരികൾ കർശന നിർദേശം നൽകി. നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജന്‍സികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍.

