Site iconSite icon Janayugom Online

രാമനവമി ആഘോഷങ്ങളിലെ സംഘര്‍ഷം; എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. ബംഗാള്‍ പൊലീസ് അന്വേഷിച്ച കേസിലെ സിസിടിവി ദൃശ്യങ്ങളടക്കം എല്ലാരേഖകളും രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൗറയിലെ ശിവ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. കടകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഹൂഗ്ലിയിലും ദല്‍ഖോലയിലും സംഘര്‍ഷങ്ങള്‍ ഉണ്ടായി. സംഘര്‍ഷങ്ങളില്‍ പരസ്പരം ആരോപണങ്ങളുമായി സംസ്ഥാന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും രംഗത്തെത്തിയിരുന്നു.

സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് തൃണമൂലും ഭരണകക്ഷിയാണ് പിന്നിലെന്ന് ആരോപിച്ച് ബിജെപിയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ബിജെപി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ അഭിഷേക് ബാനര്‍ജി എംപി അഭിപ്രായപ്പെട്ടു. 

Eng­lish Summary:
Clash­es dur­ing Ram Nava­mi cel­e­bra­tions; Cal­cut­ta High Court orders NIA probe

You may also like this video: 

Exit mobile version