Site iconSite icon Janayugom Online

ഹോളി ആഘോഷത്തെത്തുടര്‍ന്ന് സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ഹോളി ആഘോഷത്തെത്തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഉത്തംനഗറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിച്ച് ഡല്‍ഹി പൊലീസ്. ബുധനാഴ്ച ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഉത്തംനഗര്‍ ജെ ജെ കോളനിയിലെ ഹോളി ആഘോഷങ്ങള്‍ക്കിടെ നിറം കലര്‍ത്തിയ വെള്ളം നിറച്ച ബലൂണുകള്‍ എറിഞ്ഞു കളിക്കുന്നതിനിടയില്‍ പതിനൊന്ന് വയസ്സുകാരിയുടെ ബലൂണ്‍ ഉന്നം തെറ്റി നോമ്പിലായ ഒരു സ്ത്രീയുടെ ദേഹത്താണ് ബലൂണ്‍ പതിച്ചത്. 

ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഉത്തംനഗറില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ തരുണ്‍ കുമാര്‍ (26) ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ഇതോടെ വീണ്ടും പ്രതിഷേധവും സംഘര്‍ഷവും ഉടലെടുത്തു.
ഹോളി ആഘോഷത്തിന്റെ ഭാഗമല്ലാത്ത സ്ത്രീയുടെ ദേഹത്ത് വെള്ളവും നിറവും കലര്‍ന്നതോടെ തര്‍ക്കം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ പ്രശ്നം പറഞ്ഞുതീര്‍ത്തിരുന്നു. എന്നാല്‍ സ്ത്രീയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നം സങ്കീര്‍ണ്ണമായി. സുഹൃത്തുക്കള്‍ക്കൊപ്പം ഹോളിയാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ തരുണിനെ സംഘം ചേര്‍ന്ന് എതിര്‍ വിഭാഗം അക്രമിക്കുകയായിരുന്നു. തരുണിന്റെ മരണത്തിന് പിന്നാലെ വിശ്വഹിന്ദു പരിഷതും ബജ്രംഗ്ദളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 

ഉത്തംനഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധം, മെട്രോ റോഡ് ഉപരോധം, കാറിനും ബൈക്കുകള്‍ക്കും തീയിടല്‍ തുടങ്ങി ഹിന്ദു മൗലികവാദികള്‍ നീതിതേടി നീതിരഹിത അക്രമം അഴിച്ചുവിട്ടതോടെ പ്രദേശം കലാപ മേഖലയായി മാറി. തരുണ്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ ഇതിനോടകം പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലത്ത് വന്‍ പൊലീസ് ബന്തവസാണ് നിലവിലുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ദ്രുതകര്‍മ്മ സേനയെയും രംഗത്തിറക്കിയിട്ടുണ്ട്. 

Exit mobile version