ഛത്തീസ്ഗഢിലെ ബീജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ സൗത്ത് ബസ്തർ പ്രദേശത്തെ വനങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടന്നത്. 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രി സുക്മയിൽ നിന്ന് ആരംഭിച്ച ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.
സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 3 ജില്ലകളിൽ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.സുരക്ഷാ സൈനികർക്കു പരുക്കേറ്റിട്ടില്ല. മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

