Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ക്ലാസുകള്‍ ഹൈബ്രിഡ് മോഡിലേക്ക്

രാജ്യ തലസ്ഥാനത്ത് സ്കൂളുകള്‍ ഹൈബ്രിഡ് മോഡ‍ില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൽ (ഗ്രാപ്) ഇളവുകൾ പ്രഖ്യാപിച്ച എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ നടപടിക്കു പിന്നാലെയാണ് 12 വരെയുള്ള ക്ലാസുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. 

വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലെ സ്കൂളുകൾ പൂർണമായും ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്ത അനവധി കുട്ടികളുണ്ടെന്നും പലർക്കും അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ സ്കൂളുകളില്‍ ക്ലാസുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ സൗകര്യം ഇല്ലാതാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹൈബ്രിഡ് മോഡില്‍ ക്ലാസുകൾ നടത്താൻ അനുമതി നൽകിയത്. 

അതേസമയം ഡൽഹിയിലെ മലിനീകരണത്തോത് ഇപ്പോഴും അപകട നിലയിലാണ്. ചൊവ്വാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ പ്രതിദിന ശരാശരി വായു ഗുണനിലവാര സൂചിക രാവിലെ എട്ടിന് 395 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 400ന് മുകളിലേക്ക് ഉയർന്നതോടെയാണ് സ്കൂളുകൾ അടച്ചത്.

Exit mobile version