Site iconSite icon Janayugom Online

സഹപാഠികൾ, അതിരു കടന്ന സൗഹൃദം ഒഴിവാക്കി; വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തു, പകയ്ക്കൊടുവിൽ കൊല

മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ യുവാവ് തീ കൊളുത്തി കൊന്നത് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നെന്ന് പ്രാഥമിക വിവരം. മരിച്ച പ്രവീണയും തീ കൊളുത്തിയ ജിജേഷും സൗഹൃദൃത്തുക്കളായിരുന്നു എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇരുവരും സ്കൂളിൽ സഹപാടികളായിരുന്നു. സൗഹൃദം അതിരു കടക്കുന്നതായി തോന്നിത്തുടങ്ങിയപ്പോൾ പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു. പ്രവീണയുടെ മൊബൈൽ പൂർണമായും കത്തിക്കരിഞ്ഞു. ജിജേഷിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിജേഷിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രവീണയെ തീ കൊളുത്തുന്നതിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇയാൾ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവീണയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു.

ബുധൻ ഉച്ചയ്ക്കാണ് ജിജേഷ് പ്രവീണയെ വീട്ടിലെത്തി തീ കൊളുത്തിയത്. വീട്ടിലെത്തിയ ഇയാൾ കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് പ്രവീണയെ തീ കൊളുത്തുകയായിരുന്നു. പ്രവീണയ്ക്ക് പൂർണമായും പൊള്ളിയ നിലയിലായിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രവീണ ഇന്നലെ പുലർച്ചെ മരിച്ചു. പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. മരണ വിവരം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. ഇവർക്ക് ഒരു മകളാണുള്ളത്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ക്ഷേത്ര ജീവനക്കാരനായ ജിജേഷിൽ നിന്ന് ഇത്തരം പ്രവൃത്തി പ്രദീക്ഷിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

Exit mobile version