Site iconSite icon Janayugom Online

ശുദ്ധവായു: 130 നഗരങ്ങളില്‍ ഏറ്റവും മോശം ഡല്‍ഹി

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ശുദ്ധവായു പദ്ധതിയില്‍ (എന്‍സിഎപി) ഉള്‍പ്പെടുത്തിയ 130 നഗരങ്ങളില്‍, ഏറ്റവും ഉയര്‍ന്ന പിഎം 10 ലെവല്‍ (10 മൈക്രോമീറ്ററില്‍ താഴെ കണികാ പദാര്‍ത്ഥം) ഉള്ളത് ഡല്‍ഹിയിലാണെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) നടത്തിയ വിശകലനത്തില്‍ ഡല്‍ഹിയില്‍ വാര്‍ഷിക ശരാശരി പിഎം 10 സാന്ദ്രത 206 മൈക്രോഗ്രാം/ ക്യുബിക് മീറ്റര്‍ രേഖപ്പെടുത്തി. 

ബൈരന്‍ഹട്ടിനും പട്നയ്ക്കും തൊട്ടുപിന്നാലെയാണ് രാജ്യതലസ്ഥാനം ഈ സ്ഥിതിയിലെത്തിയത്. ദേശീയ അന്തരീക്ഷ വായുനിലവാര മാനദണ്ഡങ്ങളെക്കാള്‍ (പ്രതിവര്‍ഷം 60 മൈക്രോഗ്രാം/ ക്യുബിക് മീറ്റര്‍) മൂന്നിരട്ടിയാണ് ഡല്‍ഹിയിലെ പിഎം 10 അളവെന്ന് കണ്ടെത്തിയെങ്കിലും 2017നെ അപേക്ഷിച്ച് പിഎം 10 സാന്ദ്രതയില്‍ 15 ശതമാനം കുറവ് രേഖപ്പെടുത്തിയതായും വിശകലനം വെളിപ്പെടുത്തുന്നു. 2017 നെ താരതമ്യം ചെയ്യുമ്പോള്‍ 23 നഗരങ്ങളില്‍ പിഎം 10 അളവ് വര്‍ധിച്ചു. രണ്ടിടത്ത് സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ബാക്കിയുള്ള 77ലും വര്‍ധനവ് രേഖപ്പെടുത്തി. 

കഴിഞ്ഞ ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശമായതില്‍ സുപ്രീം കോടതി ശക്തമായി പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളുടെയും നിഷ്ക്രിയത്വത്തിനും കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതിന് തുച്ഛമായ പിഴ ചുമത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2023ല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാല്‍ നിയമം നോക്കുകുത്തിയായെന്ന് കോടതി പറഞ്ഞു. ഇതിന് കേന്ദ്രസര്‍ക്കാരിനെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. കാര്‍ഷിക വിളകളുടെ അവശിഷ്ടം കത്തിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതാണ് ഭേദഗതി നിയമം.

Exit mobile version