Site icon Janayugom Online

എംജിയിലെ എസ്എഫ്ഐ അതിക്രമം; മന്ത്രിയുടെ സ്റ്റാഫിന് ക്ലീൻ ചിറ്റ്

എഐഎസ്എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയായ എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നല്‍കി അട്ടിമറിക്കാന്‍ നീക്കം.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം കെ എം അരുണിന്റെ പേരാണ് പ്രതി പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത്. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെയാണ് അരുൺ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിക്കുകയും വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് വനിതാ നേതാവ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും കോട്ടയം എസ്‌പിക്കും അരുൺ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരിടത്തും അരുണിന്റെ പേര് പരാമർശിക്കുന്നില്ല. നിലവിൽ ഏഴു പേർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ അരുണിന്റെ പേരുണ്ടെങ്കിലും മൊഴി നൽകിയതിൽ വ്യക്തതയില്ലെന്ന കാരണത്താലാണ് അരുണിനെ കേസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതിനിടെ വനിതാ നേതാവ് ഇന്നലെ പറവൂർ
പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന് മുന്നിൽ രണ്ടാമതും മൊഴി നൽകി. 

അതിക്രമം നടന്നതിന്റെ പിറ്റേന്ന് വനിതാ നേതാവ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി വനിതാ പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നെ അപമാനിച്ചവരുടെ കൂട്ടത്തില്‍ കെ എം അരുണുമുണ്ടെന്ന് വ്യക്തമായി മൊഴി നല്‍കിയിരുന്നെങ്കിലും പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ കോട്ടയം ഡിവൈഎസ്‌പി ഓഫീസില്‍ നിന്ന് എസ് ഐ ഉദയകുമാര്‍, എഎസ്ഐ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് വിദ്യാര്‍ത്ഥിനി നേതാവ് താമസിക്കുന്ന വടക്കന്‍ പറവൂരിലെത്തിയത്. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു.
കേരള മഹിളാസംഘം നേതാക്കളായ കമല സദാനന്ദന്‍, എസ് ശ്രീകുമാരി, ബ്യൂല നിക്സണ്‍, ബീന കോമളന്‍, സിപിഐ നേതാക്കളായ കെ കെ അഷറഫ്, കെ പി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി സിപിഐ, മഹിളാസംഘം നേതാക്കളും എഐഎസ്എഫ് നേതാവിനൊപ്പമുണ്ടായിരുന്നു. അക്രമിക്കുകയും അപമാനിക്കുകയും ചെയ്ത അരുണ്‍ അടക്കമുള്ള എസ്എഫ് ഐക്കാരുടെ പേരുവിവരങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചറിഞ്ഞ് മൊഴി രേഖപ്പെടുത്തിയതായി വിദ്യാര്‍ത്ഥി നേതാവ് പിന്നീട് പറഞ്ഞു.

കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. കഴിഞ്ഞ വ്യാഴാഴ്ചയാണ് എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിക്കുകയായിരിന്നു. അതിനിടെയാണ് എസ്എഫ് ഐ പ്രവര്‍ത്തകർ വനിതാ നേതാവിനു നേരെ ജാതീയ അധിക്ഷേപവും ബലാത്സംഗ ഭീഷണിയും മുഴക്കിയത്. 

Eng­lish Sum­ma­ry : clean chit for min­is­ters staff in mg uni­ver­si­ty attack

You may also like this video :

Exit mobile version