Site iconSite icon Janayugom Online

കേന്ദ്രം വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്തണം: ക്‌ളീമിസ് കാതോലിക്ക ബാവ

ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

മണിപ്പൂരില്‍ ദിവസങ്ങളായി നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്ന് കെസിബിസി പ്രസിഡന്റ് വ്യക്തമാക്കി. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തുതന്നെയായാലും സംഘര്‍ഷവും ആള്‍നാശവും ഇല്ലാതാക്കാന്‍ വേണ്ട സത്വര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

വര്‍ഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകന്‍ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി രംഗത്തുവരണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

Eng­lish Sam­mury: KCBC Pres­i­dent Clemis Catholi­ca Bava says, Cen­tral Gov­ern­ment must end the com­mu­nal riots

Exit mobile version