Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: 2025ൽ നഷ്ടം 10 ലക്ഷം കോടി

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം 2025‑ൽ ലോകത്തുണ്ടായ സാമ്പത്തിക നഷ്ടം 120 ബില്യൺ ഡോളർ (ഏകദേശം 10 ലക്ഷം കോടി രൂപ) കടക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടന ‘ക്രിസ്ത്യൻ എയിഡ്’ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. കൊടുംചൂട്, കാട്ടുതീ, പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ദുരന്തങ്ങൾ സ്വാഭാവികമല്ലെന്നും ഫോസിൽ ഇന്ധന കമ്പനികളുടെ ലാഭക്കൊതിയുടെയും രാഷ്ട്രീയമായ അനാസ്ഥയുടെയും ഫലമാണെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടതിന്റെ വിലയാണ് സാധാരണക്കാർ നൽകേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 

കാലിഫോർണിയയിലെ കാട്ടുതീയാണ് ഈ വർഷത്തെ ഏറ്റവും വലിയ ഒറ്റപ്പെട്ട ദുരന്തം. 60 ബില്യൺ ഡോളറിന്റെ നഷ്ടവും നാനൂറിലധികം ജീവനുകളും അവിടെ നഷ്ടമായി. നവംബറിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും പ്രളയത്തിലും 1,750‑ൽ അധികം പേർ മരിച്ചു. ഈ ദുരന്തത്തിന്റെ നഷ്ടം 25 ബില്യൺ ഡോളറാണെന്ന് കണക്കുകൂട്ടുന്നു. ഇന്ത്യയിലും പാകിസ്ഥാനിലുമുണ്ടായ പ്രളയത്തിൽ 1,860 പേർക്ക് ജീവൻ നഷ്ടമായി. 6 ബില്യൺ ഡോളറിന്റെ കൃഷി-ആസ്തി നാശമാണുണ്ടായത്. പാകിസ്ഥാനിൽ മാത്രം 70 ലക്ഷം പേരെ പ്രളയം ബാധിച്ചു. ചൈനയിലെ അതിശക്തമായ പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും 11.7 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു.

സമ്പന്ന രാജ്യങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ നഷ്ടം കൃത്യമായി കണക്കാക്കാൻ സാധിക്കും. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിലും ഏഷ്യയിലെ ദരിദ്ര മേഖലകളിലും ഇൻഷുറൻസ് ഇല്ലാത്തതിനാൽ യഥാർത്ഥ നഷ്ടം റിപ്പോർട്ടിൽ പറയുന്നതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കുമെന്ന് ക്രിസ്ത്യൻ എയിഡ് മുന്നറിയിപ്പ് നൽകുന്നു. നൈജീരിയയിലെയും കോംഗോയിലെയും പ്രളയം, ഇറാനിലെ കടുത്ത ജലക്ഷാമം എന്നിവ ഇതിന് ഉദാഹരണങ്ങളായും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ എല്ലാ കോണുകളെയും ബാധിച്ചിട്ടുണ്ട്. സാധാരണ തണുപ്പുള്ള സ്കോട്ട്ലൻഡിലെ മലനിരകളിൽ അസ്വാഭാവിക ചൂടും കാട്ടുതീയും റിപ്പോർട്ട് ചെയ്തു. ജപ്പാൻ ഒരേ വർഷം റെക്കോർഡ് മഞ്ഞുവീഴ്ചയ്ക്കും റെക്കോർഡ് ചൂടിനും സാക്ഷ്യം വഹിച്ചു. സമുദ്രങ്ങളിലെ താപനില വര്‍ധിക്കുന്നത് കടൽ ജീവജാലങ്ങൾക്കും പവിഴപ്പുറ്റുകൾക്കും വൻ ഭീഷണിയാകുന്നു. ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനും പുനരുപയോഗ ഊർജ്ജത്തിലേക്ക് വേഗത്തിൽ മാറാനും ലോകരാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ വരും വർഷങ്ങൾ ഇതിലും ഭയാനകമായിരിക്കുമെന്ന് ക്രിസ്ത്യൻ എയിഡ് സിഇഒ പാട്രിക് വാട്ട് പറഞ്ഞു. കാലാവസ്ഥാ ആഘാതങ്ങൾ നേരിടാൻ ദരിദ്ര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Exit mobile version