Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; 9 കോടി പേര്‍ പട്ടിണിയിലാകും

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്തെ ഭക്ഷ്യോല്പാദനം കുറയുമെന്നും ഒമ്പതു കോടിയിലധികം പേര്‍ പട്ടിണിയിലാകുമെന്നും റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ഭക്ഷ്യോല്പാദനം 16 ശതമാനം കുറയാനും ഇതുമൂലം പട്ടിണി കിടക്കുന്നവരുടെ എണ്ണം 23 ശതമാനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. 2030ല്‍ രാജ്യത്ത് പട്ടിണി നേരിടുന്നവരുടെ എണ്ണം 7.39 കോടിയായിരിക്കും. എന്നാല്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇത് 9.06 കോടിയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

മൊത്ത ഭക്ഷ്യോല്പാദന സൂചിക സമാനമായ സാഹചര്യങ്ങളില്‍ 1.6 ല്‍ നിന്ന് 1.5 ആയി കുറയും. പ്രതിശീര്‍ഷ കലോറി ഉപഭോഗം പ്രതിദിനം 2,600 കലോറി എന്ന നിരക്കില്‍ 2030ലും തുടരും. ആഗോളതലത്തില്‍ ഏകദേശം 500 ദശലക്ഷം ആളുകള്‍ പട്ടിണി കിടക്കാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അതേസമയം ആഗോള ഭക്ഷ്യോല്പാദനം 2010 ലെ നിലവാരത്തേക്കാള്‍ 2050 ആകുമ്പോള്‍ 60 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ ആഫ്രിക്കയില്‍ ഉല്പാദനവും ഡിമാന്‍ഡും അതിവേഗം വളരുമെന്ന് പ്രവചിക്കപ്പെടുന്നു.

2100-ഓടെ ഇന്ത്യയിലുടനീളമുള്ള ശരാശരി താപനില 2.4 ഡിഗ്രി സെല്‍ഷ്യസിനും 4.4 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഉയരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കപ്പെടുന്നു. ഉഷ്ണ തരംഗം ഇന്ത്യയില്‍ 2100-ഓടെ മൂന്നിരട്ടിയാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. മൊത്ത ഭക്ഷ്യോല്പാദനം, ഭക്ഷ്യ ഉപഭോഗം, പ്രധാന ഭക്ഷ്യ ചരക്ക് ഗ്രൂപ്പുകളുടെ അറ്റ വ്യാപാരം, പട്ടിണി കിടക്കാന്‍ സാധ്യതയുള്ള ജനസംഖ്യ എന്നിവയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്തുന്നതാണ് പഠനം. എന്നാല്‍ കോവിഡ് ലോക സമ്പദ്ഘടനയിലുണ്ടാക്കിയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

വരള്‍ച്ച സമ്പദ്ഘടനയ്ക്ക് തിരിച്ചടി

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം(ജിഡിപി) കുറയുന്നതില്‍ വരള്‍ച്ച കാരണമായെന്ന് റിപ്പോര്‍ട്ട്. 1998 മുതല്‍ 2017 വരെയുള്ള 20 വര്‍ഷക്കാലത്ത് അനുഭവപ്പെട്ട കടുത്ത വരള്‍ച്ച കാരണം ഇന്ത്യയുടെ ജിഡിപി രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ കുറഞ്ഞുവെന്നാണ് മരുഭൂമിവല്‍ക്കരണത്തിനെതിരെയുള്ള യുഎന്‍ കണ്‍വെന്‍ഷനിലെ(യുഎന്‍സിസിഡി) റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ലോകത്താകമാനം 2000 മുതല്‍ വരള്‍ച്ചയുടെ കാലയളവും എണ്ണവും 29 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭൂമി പൂര്‍വസ്ഥിതിയിലാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ അപകടം കുറയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളുടെ 15 ശതമാനം മാത്രമാണ് വരള്‍ച്ച സംഭവങ്ങളുള്ളതെങ്കിലും ലോകത്ത് ഏറ്റവും വലിയ മനുഷ്യദുരന്തത്തിന് കാരണമാകുന്നത് ഇതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1970 മുതലുള്ള അമ്പത് വര്‍ഷത്തിനിടയില്‍ 6,50,000 മരണങ്ങളാണ് വരള്‍ച്ചയുടെ ഫലമായി ഉണ്ടായത്.

ആഗോളതലത്തില്‍ ഏതാണ്ട് 124 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് വരള്‍ച്ചയുടെ ഫലമായി ഈ കാലയളവില്‍ ഉണ്ടായത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ 300 വരള്‍ച്ചകളാണ് ഉണ്ടായത്. ഇത് ആഗോളതലത്തിലുള്ള കണക്കിന്റെ 44 ശതമാനമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ വരള്‍ച്ചയുടെ ദുരന്തഫലങ്ങള്‍ക്കിരയായത് ഏഷ്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Eng­lish Summary:Climate change; 9 crore peo­ple will go hunger
You may also like this video

Exit mobile version