Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യന്‍ ജിഡിപി തകരുമെന്ന് എഡിബി

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്പാദന (ജിഡിപി) വളര്‍ച്ച തകരുമെന്ന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് (എഡിബി). ഏഷ്യന്‍ മേഖലയിലും പസഫിക് രാജ്യങ്ങളിലും ജിഡിപി നിരക്ക് 2070 ഓടെ 16.9 ശതമാനം ഇടിയുമെന്നും എഡിബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് 24.7 ശതമാനം ജിഡിപി നഷ്ടമുണ്ടാകും.

സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വര്‍ധന, തൊഴില്‍ ഉല്പാദനക്ഷമതയിലുള്ള ഇടിവ് എന്നിവമൂലം ലോല സാമ്പത്തിക മേഖല വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കും. എഡിബിയുടെ ഏഷ്യ — പസഫിക് ക്ലൈമറ്റ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഗുരുതര ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. സമുദ്ര ജലനിരപ്പ് വര്‍ധിക്കുന്നത് 300 ദശലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കും. കോടികള്‍ വിലപ്പിടിപ്പുള്ള കടലോര വിഭവങ്ങള്‍ നാമാവശേഷകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി അതിവൃഷ്ടി, ഉഷ്ണതരംഗം, വെള്ളപ്പൊക്കം എന്നിവ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് സാമ്പത്തിക തകര്‍ച്ചയ്ക്കും മനുഷ്യജീവനും ഭീഷണിയാകുന്ന നിലയിലേക്കും എത്തിച്ചേരുമെന്ന് എഡിബി പ്രസിഡന്റ് മസാത്‌സുഗു അസകാവ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ വൈകരുതെന്നും വൈകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version