Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: ഐസ്‌ലാന്‍ഡിലും കൊതുക് എത്തി

ഐസ്‌ലാന്‍ഡില്‍ ആദ്യമായി കൊതുകിനെ കണ്ടെത്തി. കൊടും തണുപ്പില്‍ ലാര്‍വകള്‍ക്ക് വിരിയാന്‍ കഴിയാതിരുന്നതിനാല്‍ ഐസ്‌ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 

എന്നാല്‍ ചൂട് കൂടിയതും ഹിമപാളികള്‍ തകരാന്‍ തുടങ്ങിയതും ഐസ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കാലാവസ്ഥയെ മാറ്റിമറിച്ചു. പ്രജനനത്തിന് അനുകൂലമായ ചതുപ്പ് നിലങ്ങളും കുളങ്ങളും ഐസ്‌ലന്‍ഡിലുള്ളതിനാല്‍ കൊതുകുകള്‍ പെരുകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസ്‌ലാന്‍ഡിലെ നാച്ചുറല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജന്തുശാസ്ത്രജ്ഞനായ മത്തിയാസ് ആല്‍ഫ്രെഡ്സണ്‍ കിഡാഫെല്ലില്‍ നിലാശലഭങ്ങളെ കുടുക്കാന്‍ ഉപയോഗിക്കുന്ന കെണിയില്‍ നിന്നാണ് കൊതുകകളുടെ വിഭാഗത്തിലുള്ള ജീവികളെ കണ്ടെത്തിയത്. തണുപ്പിനെ ചെറുക്കാന്‍ കഴിവുള്ള കുലിസെറ്റ ആനുലാറ്റ എന്ന ഇനത്തില്‍പ്പെട്ട കൊതുകകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. 

താപനില ഉയരുന്നത് കൊതുകുകള്‍ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നു. വടക്കന്‍ അര്‍ധഗോളത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നാലിരട്ടി വേഗതയില്‍ ഐസ്‌ലാന്‍ഡില്‍ ചൂടു കൂടുകയാണ്. നിരീക്ഷണത്തില്‍ ഹിമപാളികള്‍ വളരെ വേഗം ഉരുകുന്നതായും അയല പോലുള്ള ദക്ഷിണ പ്രദേശങ്ങളിലെ മത്സ്യങ്ങള്‍ ഐസ്‌ലാന്‍ഡില്‍ പ്രത്യക്ഷപ്പെടുന്നതും കണ്ടെത്തിയിരുന്നു. ഈ മാറ്റങ്ങള്‍ താപനിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് തെളിവാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. 

Exit mobile version