വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ — വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.
തൊഴിൽ പ്രശ്നങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി — തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴിൽവകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല.
തൊഴിലാളി ക്ഷേമ നടപടികളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴിലന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവസര സൃഷ്ടിയും കൂടി ലക്ഷ്യംവെച്ചുള്ള വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. തൊഴിലാളി, തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സർക്കാർ നിലപാട്. മാതമംഗലത്തും മാടായിയിലും സർക്കാരിന്റെ നിലപാട് ഇതുതന്നെയാണ്.
തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആരോഗ്യകരമായ തൊഴിൽ ബന്ധങ്ങളും തൊഴിൽ സംസ്കാരവും ആണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
English Summary: Closing down industries is not government policy; Labor Minister V Sivankutty said the state has an industry friendly environment
You may like this video also