Site iconSite icon Janayugom Online

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനില്‍ എത്തി; 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരളമുഖ്യമന്ത്രി ഒമാനില്‍ എത്തുന്നത്

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനില്‍ എത്തി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരളമുഖ്യമന്ത്രി ഒമാനില്‍ എത്തുന്നത്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്ര ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

 

ശനിയാഴ്ച സലാലയില്‍ നടക്കുന്ന ‘പ്രവാസോത്സവം 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതോടൊപ്പം മലയാളം മിഷന്‍ സലാല ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഒമാന് പിന്നാലെ ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലും വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

 

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ജി. വി. ശ്രീനിവാസ്, സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ ബാബു രാജേന്ദ്രന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാവിങ് കണ്‍വീനര്‍ അജയന്‍ പൊയ്യാറ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഇതിനു മുമ്പ് 1999‑ല്‍ ഇ കെ നായനാര്‍ ആണ് അവസാനമായി ഒമാൻ സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി.

Exit mobile version