Site icon Janayugom Online

പ്രവാസി പുനരധിവാസം; 2000 കോടിയുടെ പദ്ധതി നിര്‍ദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കും: മുഖ്യമന്ത്രി

പ്രവാസികൾക്കായി നടപ്പിലാക്കിയ സർക്കാർ പദ്ധതികൾക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസൽ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 26 വരെ 17,51,852 പ്രവാസി മലയാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടൽ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാൽ എയർപോർട്ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങൾ പ്രകാരം മെയ് 2020 മുതൽ ഒക്ടോബർ 2021 വരെയുള്ള കാലയളവിൽ കേരളത്തിലെ എയർപോർട്ടുകൾ വഴി 39,55,230 പേർ വിദേശങ്ങളിലേക്ക് യാത്ര ചെയ്തു. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ടെന്നും ഈ കണക്കുകൾ പ്രകാരം കരുതാവുന്നതാണെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

സംരംഭകർക്ക് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി ബാങ്ക് വായ്പ ലഭ്യമാക്കിവരുന്നു. നാട്ടിൽ മടങ്ങി എത്തിയവരിൽ ഭവനവായ്പ ഉൾപ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കും. 

തിരികെ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ‘നോർക്ക സ്കിൽ റിപ്പോസിറ്ററി പദ്ധതി’ എന്ന പേരിൽ ഏകജാല സംവിധാനവും തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ‘സ്കിൽ അപ്ഗ്രഡേഷൻ ആന്റ് റീ ഇന്റഗ്രേഷൻ പദ്ധതി‘യും നടപ്പിലാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോർക്കയുടെ ഇ മെയിലിൽ അയക്കുവാൻ അറിയിപ്പ് നൽകിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകൾ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : cm pinarayi vijayan on pravasi ren­o­va­tion programme

You may also like this video :

Exit mobile version