Site icon Janayugom Online

കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യാപക ദിന സന്ദേശത്തിൽ അറിയിച്ചു. വിദ്യാഭ്യാസം ഡിജിറ്റൽ മാദ്ധ്യമങ്ങളിലേയ്ക്ക് പറിച്ചു നട്ടപ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുണ്ടായി. പുതിയ അദ്ധ്യയന രീതി സ്വായത്തമാക്കാൻ അദ്ധ്യാപകർ തന്നെ വിദ്യാർത്ഥികളായി മാറേണ്ടി വന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം മറികടന്നു നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ അവർക്കു സാധിച്ചു. അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികം താമസിയാതെ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അദ്ധ്യാപകർ നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകണം. കഴിഞ്ഞ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും ആർജ്ജിച്ച അനുഭവങ്ങളും അറിവുകളും ഭാവിയിൽ നമുക്ക് പുതിയ കരുത്തും ദിശാബോധവും പകരും.

 


ഇതുംകൂടി വായിക്കു: കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരേയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും: മുഖ്യമന്ത്രി


 

ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഇന്ധനമായി മാറാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അദ്ധ്യാപക സമൂഹത്തിന് എല്ലാ പിന്തുണയും സർക്കാർ ഉറപ്പു നൽകുന്നു. അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോൻമുഖതയും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകർക്കുണ്ട്. വർഗീയതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതെറിഞ്ഞു ജനാധിപത്യബോധവും മാനവികതയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. സ്വതന്ത്രചിന്തയും സർഗാത്മകതയും കൈമുതലായ മനുഷ്യൻ ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ഉത്പന്നമെന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ പ്രസക്തമായ നിരീക്ഷണം നമ്മൾ മറന്നുകൂടാ.

 


ഇതുംകൂടി വായിക്കു: സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി


ഏതു നാടിന്റെ വികാസത്തിനും ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നാണ് ആധുനിക വിദ്യാഭ്യാസം. അത് ഏറ്റവും മികച്ച രീതിയിൽ സാധ്യമാക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് അദ്ധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാർജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നിൽ അദ്ധ്യാപകർക്ക് നിർണായക പങ്കുണ്ട്. തങ്ങളിൽ നിക്ഷിപ്തമായ ആ സാമൂഹിക ഉത്തരവാദിത്വം മികവുറ്റ വിധത്തിൽ നിറവേറ്റുന്ന അദ്ധ്യാപകരോട് കേരള സമൂഹമാകെ കടപ്പെട്ടിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ENGLISH SUMMARY;CM Says about Ker­ala Edu­ca­tion dur­ing covid period
YOU MAY ALSO LIKE THIS VIDEO;

Exit mobile version