Site iconSite icon Janayugom Online

മാങ്കൂട്ടത്തില്‍ എവിടെയെന്ന് കോണ്‍ഗ്രസിനറിയാമെന്ന് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോണ്‍ഗ്രസാണ്. അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിലിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്. രാഹുല്‍ എവിടെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. അക്കാര്യം പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതിയുടെ മുന്നില്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ് കേരളത്തില്‍ പൊതുവേ കണ്ടുവരുന്ന രീതി. രാഹുല്‍ വിഷയത്തില്‍ ഹൈക്കോടതി സ്വീകരിച്ച ഒരു തീയതിയിലേക്ക് കേസ് കേള്‍ക്കാന്‍വേണ്ടി നീട്ടിവെച്ചിരിക്കുകയാണ്. 

സാധാരണ ഗതിയില്‍ ഇതാണ് നടന്നുവരുന്ന രീതി. അത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. പൊലീസ് മനഃപൂര്‍വം അറസ്റ്റുചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. ഒളിവില്‍പ്പോകാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തത് രാഹുലിന്റെ സഹപ്രവര്‍ത്തകരാണ്. ആ സഹപ്രവര്‍ത്തകര്‍ എന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും നേതാക്കളുമാണ്. സംസ്ഥാനത്തിന്റെ പുറത്തടക്കം രാഹുലിന് നല്ലരീതിയില്‍ സംരക്ഷണം തീര്‍ത്തിരിക്കുകയാണ്. അപ്പോള്‍ രാഹുലെവിടെയാണ് ഉള്ളതെന്ന് കോണ്‍ഗ്രസിനറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version