കോർപ്പറേറ്റ് രീതിയിലുള്ള വികസനത്തിനുള്ള ജനപക്ഷ ബദലാണ് സഹകരണമേഖലയെന്നും അതിനുള്ള മികച്ച സാക്ഷ്യമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘നൂറു തികയുന്ന യുഎൽസിസിഎസ്’ എന്ന സംഭാഷണ സെഷനിൽ സാഹിത്യകാരൻ എം മുകുന്ദനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾക്കു മേൽക്കെയുള്ള രാജ്യങ്ങൾ സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് നെഗറ്റീവ് വളർച്ചയിലേക്കു പോയപ്പോൾ ലോകത്തെ വലിയ സഹകരണസ്ഥാപനമായ മോന്ദ്രഗോൺ നിറഞ്ഞുപ്രവർത്തിക്കുന്ന സ്പെയിൻ ആറ് ശതമാനം വളർച്ച നിലനിർത്തിയത് ഉദാഹരണമായി രമേശൻ ചൂണ്ടിക്കാട്ടി. മോന്ദ്രഗോണിനു തൊട്ടു പിന്നിലുള്ള സഹകരണസ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഈ സൊസൈറ്റി നിർമ്മാണപ്രവൃത്തികൾ സമയത്തും ഗുണമേന്മയിലും തീർക്കുമ്പോൾ സമൂഹത്തിനു കിട്ടുന്ന ഗുണം മുതലാളിത്ത സംവിധാനമായ സ്വകാര്യ കരാറുകാർക്കു നല്കാനാവില്ല.
നൂറ്റാണ്ടു മുമ്പ് കൂലിവേലക്കാരുടെ പരസ്പരസഹായസംഘം ഉണ്ടാക്കിയ 14 പേരിലും 16 അണയിലുംനിന്ന് 18,000 പേരിലേക്കും ലോകത്തു രണ്ടാം സ്ഥാനത്തേക്കും ഊരാളുങ്കൽ സൊസൈറ്റി വളർന്നതിന്റെ രഹസ്യം അതിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദന്റെ മൂല്യം ആദർശമാക്കിയതും തൊഴിലാളികളുടെ സമർപ്പണവുമാണെന്നും ചോദ്യത്തിനുത്തരമായി രമേശൻ പറഞ്ഞു.
മുതലാളിമാരില്ലാത്ത ഈ സ്ഥാപനം ലോകത്തു ശക്തിപ്പെടുന്ന മുതലാളിത്തവ്യവസ്ഥയ്ക്കു പകരം വയ്ക്കാവുന്ന മാതൃകയാണെന്ന് സംഭാഷണത്തിനിടെ എം മുകന്ദൻ ചൂണ്ടിക്കാട്ടി. കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് ആധുനിക സാങ്കേതികവിദ്യയെയും വിദഗ്ദ്ധരെയും നിർമ്മാണമേഖലയിലേക്കു കൊണ്ടുവന്ന സൊസൈറ്റിയുടെ ദീർഘവീക്ഷണമാണ് കെട്ടിവലിക്കുന്ന റോഡ് റോളറിൽനിന്നു ഇന്നത്തെ നിലയിലേക്കു നിർമ്മാണരംഗത്തെയും സൊസൈറ്റിയെയും വളർത്തിയതെന്നും മുകുന്ദൻ പറഞ്ഞു. അരിസോണ പോലുള്ള സർവ്വകലാശാലകളും ആഗോള സ്ഥാപനങ്ങളുമായി ചേർന്നു നടത്തുന്ന സെമിനാറുകളും ഉച്ചകോടികളും വഴി ഭാവികേരളത്തിനും ഊരാളുങ്കൽ സൊസൈറ്റിക്കും അടുത്ത കാൽ നൂറ്റാണ്ടിനപ്പുറത്തേക്കുള്ള ദർശനം രൂപപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശതാബ്ദിയാഘോഷത്തിൽ ഊന്നൽ നല്കുന്നതെന്ന് രമേശൻ അറിയിച്ചു.
English Summary: Co-operative as an alternative to the corporate system; The best testimony is Uralungal
You may also like this video