Site iconSite icon Janayugom Online

സഹകരണ ബാങ്ക് ജീവനക്കാരി സ്വകാര്യ ബസ് കയറി മരിച്ചു

സ്കൂൾ ബസ് തട്ടി റോഡിൽ വീണ സഹകരണ ബാങ്ക് ജീവനക്കാരി സ്വകാര്യ ബസ് കയറി മരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ഊക്കൻമുക്ക് ജങ്ഷനിൽ ഇന്നലെ രാവിലെ 9.45നാണ് അപകടം നടന്നത്. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ അഞ്ജന എ (25) ആണ് മരിച്ചത്.

രാവിലെ വീട്ടിൽ നിന്നും സ്കൂട്ടറിൽ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജന സ്കൂൾ ബസ് തട്ടിയതിനെ തുടർന്ന് റോഡിൽ വീണു. പിറകെ വന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി റോഡിൽ വീണതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് പെട്രോൾ ചോർച്ചയും ഭാഗികമായ തീപിടുത്തവുമുണ്ടായി.
തൊടിയൂർ സ്വദേശിയായ അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. തൊടിയൂരിലെ വീട്ടിൽ നിന്നും ഭരണിക്കാവിലെത്തി കടപുഴ റൂട്ടിൽ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തിരിഞ്ഞ് ബണ്ട് റോഡിലൂടെ ബാങ്കിലെത്തുന്നതാണ് പതിവ്. കരുനാഗപ്പള്ളി തൊടിയൂർ ശാരദാലയം വീട്ടിൽ പരേതനായ മോഹനന്റെയും തൊടിയൂർ സഹകരണ ബാങ്കിലെ സ്വീപ്പറായ അജിതയുടെയും മകളായ അജ്ഞന ഒന്നരമാസം മുമ്പാണ് സഹകരണ ബാങ്ക് ടെസ്റ്റ് പാസായി കരിന്തോട്ടുവയിൽ ജോലിയിൽ പ്രവേശിച്ചത്.

Exit mobile version