Site iconSite icon Janayugom Online

കൽക്കരി ക്ഷാമം കേന്ദ്ര സർക്കാർ സൃഷ്ടി

ഴു വർഷം മുൻപുവരെ ഇന്ത്യ ഭരിച്ച വിവിധ സർക്കാരുകൾക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വ്യത്യസ്ത ഭരണശൈലിയുടെ ഉടമയായി മാറിക്കൊണ്ടിരിക്കുകയാണ് മോഡി. രാജ്യത്തിന്റെയും ജനങ്ങളുടെയും മേൽ അടിക്കടി പ്രതിസന്ധി അടിച്ചേൽപ്പിക്കുകയെന്നതാണു മുഖ്യ അജണ്ട. മോഡി സർക്കാർ പടച്ചുവിട്ടതാണ് രാജ്യത്തെ അന്ധകാരത്തിലാക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി. നോട്ടുനിരോധന പ്രതിസന്ധി, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തുടർവിലക്കയറ്റ പ്രതിസന്ധി, കാർഷികോല്പന്ന വിലയിടിവ് സൃഷ്ടിച്ച പ്രതിസന്ധി എന്നിവയുടെ പിതൃത്വവും മോഡി സർക്കാരിന് തന്നെ. താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തിനുള്ള അസംസ്കൃത വസ്തുവായ പ്രകൃതിദത്ത കൽക്കരിയുടെ കാര്യത്തിൽ ഇന്ത്യ സമ്പന്നമായിരുന്നിട്ടും കൽക്കരിക്ഷാമം ഉണ്ടായത് കേന്ദ്ര സർക്കാരിന്റെ വഴിപിഴച്ച നയങ്ങളുടെ പ്രത്യാഘാതമാണ്. ദേശസാൽക്കരിക്കപ്പെട്ടിരുന്ന കൽക്കരി വ്യവസായ മേഖല സ്വകാര്യ കോർപ്പറേറ്റുകളുടെ മേച്ചിൽപ്പുറമാക്കാൻ മോഡി സർക്കാർ അനുവദിച്ചപ്പോൾ തന്നെ ഇത് വിപൽക്കരമാകുമെന്ന് ഇടതുപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

 


ഇതുകൂടി വായിക്കൂ: കല്‍ക്കരി ക്ഷാമം ; കോള്‍ ഇന്ത്യയെ പഴിചാരി കേന്ദ്ര സര്‍ക്കാര്‍


 

മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഒഡിഷ, ഝാർഖണ്ട് സംസ്ഥാനങ്ങളിലായി 41 കൽക്കരിപാടങ്ങൾ ഖനനം ചെയ്യാൻ അഡാനി, ജിൻഡാൽ എന്നീ സ്വകാര്യ മുതലാളിമാർക്ക് പാട്ടത്തിന് വിട്ടു നൽകിയതോടെയാണ് കാര്യങ്ങൾ തകിടം മറിയുന്നതിന് തുടക്കമായത്. കൽക്കരി പാടങ്ങൾ ഖനനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞത് പാടങ്ങൾ ലേലത്തിനെടുത്ത മുതലാളിമാരെ സഹായിക്കാനായിരുന്നു. വൈദ്യുതി നിലയങ്ങളിലേയ്ക്കുള്ള കൽക്കരിനീക്കം തടസപ്പെടുത്താൻ സ്വകാര്യ ഖനനക്കാർ പല കുതന്ത്രങ്ങളും പ്രയോഗിക്കുകയുണ്ടായി. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വൈദ്യുതോല്പാദനത്തിൽ കുറവു വരുത്തുകയും അതിന്റെ മറപിടിച്ച് വൈദ്യുതിവില വർധിപ്പിച്ച് കൊളളലാഭം കൊയ്യുകയുമായിരുന്നു അഡാനി ‑ജിൻഡാൽമാരുടെ ലക്ഷ്യം. രാജ്യാന്തര വിപണിയിൽ കൽക്കരി വില കുതിച്ചുയർന്നതിനാൽ കൽക്കരി ഇറക്കുമതിയിൽ നിന്ന് സ്വകാര്യ കോർപറേറ്റുകൾ പിൻവാങ്ങിയതെന്നാണ് റിപ്പോർട്ട്. വൈദ്യുതി നിലയങ്ങളിലെ ഉല്പാദനം വെട്ടിക്കുറച്ചതും സെപ്റ്റംബർ മാസത്തിലെ അതിവൃഷ്ടി കൽക്കരി ഖനികളിലെ ഖനനം അവതാളത്തിലാക്കിയതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി കേന്ദ്രസർക്കാർ നിരത്തിവെയ്ക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ മാന്ദ്യത്തെ മറികടന്ന് സമ്പത്തുല്പാദനത്തിലും ഉപഭോഗത്തിലും ഉണ്ടായ കുതിപ്പ് വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിപ്പിച്ചതും പ്രതിസന്ധിക്ക് ആധാരമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇവയെക്കാളേറെയായി കേന്ദ്ര ഗവൺമെന്റിന്റെ ചില തെറ്റായ നടപടികളാണ് കൽക്കരി ക്ഷാമം അനിയന്ത്രിതമാകാൻ ഇടവരുത്തിയതെന്നാണ് വലിയൊരു വിഭാഗം ഊർജ്ജ വിദഗ്‌ധരുടെ വിലയിരുത്തൽ.

 


ഇതുകൂടി വായിക്കൂ: കല്‍ക്കരി ക്ഷാമം രൂക്ഷം; നിലയങ്ങള്‍ നിലയ്‌ക്കുന്നു


 

കൽക്കരി ഖനനം, വിതരണം, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്ന കൂറ്റൻ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിനെ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും നടുവിൽ തളച്ചിട്ട് ദുർബലമാക്കുകയും തകർക്കുകയുമാണ് ഖനന മേഖലയിലെ സ്വകാര്യ കോർപറേറ്റുകളുടെ ആത്യന്തികലക്ഷ്യം. കോൾ ഇന്ത്യയെ മുച്ചൂടും മുടുപ്പിച്ചാൽ അനന്തമായ കൊളളലാഭ സാധ്യതയാണ് കൽക്കരി ഖനന‑വൈദ്യുതോല്പാദന മേഖലകളിൽ നിന്നും കോർപറേറ്റുകൾക്ക് തുറന്നുകിട്ടുക. രാജ്യത്ത് 80 ശതമാനം കൽക്കരിയും ഉല്പാദിക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡാണ്. വൻവിപത്ത് ദുഃസഹമാണെന്ന കാര്യം ജനങ്ങൾ അറിയരുതെന്ന നിർബന്ധബുദ്ധി അവലംബിക്കാൻ പ്രധാനമന്ത്രിയേയും പ്രമുഖ മന്ത്രിമാരെയും പ്രേരിപ്പിച്ച കാരണങ്ങൾ എന്തായിരുന്നാലും അവർ ശാസ്ത്രജ്ഞരുടെയും ഊർജ്ജവിദഗ്ധരുടെയും വായ മൂടിക്കെട്ടുകയായിരുന്നു എന്ന് സംശയിക്കാതെയിരിക്കാൻ തരമില്ല. ഇക്കൊല്ലം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം മുൻവർഷം ഇതേമാസങ്ങളിലേതിനെ അപേക്ഷിച്ച് 18 ശതമാനം വർധിക്കുകയുണ്ടായി എന്നാണ് കേന്ദ്ര ഊർജ്ജമന്ത്രാലയം പറയുന്നത്.

 


ഇതുകൂടി വായിക്കൂ: കല്‍ക്കരി ശേഖരം നാല് ദിവസത്തേക്കു മാത്രം ; വൈദ്യുതി പ്രതിസന്ധി


ഊർജ്ജമേഖലയിലേ സ്ഥിതി കുഴഞ്ഞുമറിയുന്നതിൽ ചില വൻകിട സ്വകാര്യ വൈദ്യുതോല്പാദന കമ്പനികൾ വഹിച്ച പങ്ക് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് ഊർജ്ജോല്പാദനം നടത്തുന്ന ഈ കമ്പനികൾ രാജ്യാന്തര വിപണിയിലെ കൽക്കരി വിലവർധനയുടെ പശ്ചാത്തലത്തിൽ ഉല്പാദനം ഗണ്യമായി കുറയ്ക്കുകയും പ്ലാന്റുകൾ അടച്ചിടുകയും ചെയ്തത് ദേശീയ താല്പര്യം അവഗണിച്ചുകൊണ്ടായിരുന്നു. ഊർജ്ജോല്പാദനത്തിനായി ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകളിൽ നിന്നുള്ള സപ്ലൈ കഴിഞ്ഞമാസത്തിൽ 30 ശതമാനം വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി മൂടിവെയ്ക്കാനാവാത്ത സ്ഥിതിയിലെത്തിയത്. ഇറക്കുമതി കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങൾ 45.7 ബില്യൺ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടിയിരുന്ന സ്ഥാനത്ത് 25.6 ബില്യൺ യൂണിറ്റ് മാത്രമാണ് ഉല്പാദിപ്പിച്ചത്. ഈ വർഷാരംഭത്തിനുശേഷം കൽക്കരി വില ഇരട്ടിയായി കുതിച്ചുയരുകയാണ്. ഓഗസ്റ്റിനുശേഷം ഉണ്ടായ വില വർധനയാകട്ടെ, 57 ശതമാനം കൽക്കരി വില അടിക്കടി വർധിക്കുന്നത് താപവൈദ്യുത നിലയങ്ങളിലെ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കും എന്നിരുന്നിട്ടും കേന്ദ്രഗവൺമെന്റ് അക്ഷന്തവ്യമായ നിഷ്ക്രിയത്വത്തിലായിരുന്നു. ഈവർഷം ജനുവരി മുതലുള്ള വിലപ്പെട്ട ഒൻപതു മാസക്കാലവും മോഡി സർക്കാർ കൽക്കരി ലഭ്യത പ്രശ്നത്തിൽ ഇടപെടാതെ കൈയും കെട്ടിയിരുന്നത് ബോധപൂർവമായിരുന്നു എന്ന വിമർശനം തള്ളാനാവില്ല.

 


ഇതുകൂടി വായിക്കൂ: തമിഴ്‌നാട്ടില്‍ കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി കാണാതായി


ബിജെപി സർക്കാരിന്റെ തലതിരിഞ്ഞ കാഴ്ചപ്പാടുകളും അപകടകരമായ നയപരിപാടികളും സ്വകാര്യ മുതലാളിമാരെ അവിഹിതമായി സഹായിക്കാനുള്ള അമിതാവേശവുമൊക്കെയാണ് രൂക്ഷമായ കൽക്കരിക്ഷാമത്തിലേക്കും തൽഫലമായ വൈദ്യുത പ്രതിസന്ധിയിലേക്കും രാജ്യത്തെ വീഴ്ത്തിയത്. കൽക്കരിക്ഷാമം പിടിച്ചാൽ കിട്ടാത്ത സ്ഥിതിയിലേക്ക് പോകുന്നതിനാൽ കടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെ വലയം ചെയ്യുകയാണെന്ന മാധ്യമറിപ്പോർട്ടുകൾ രണ്ടാഴ്ചമുൻപ് വന്നപ്പോൾ അതൊക്കെ പച്ചക്കള്ളമാണെന്നും കൽക്കരി ദൗർലഭ്യം ഒട്ടും ഇല്ലെന്നും ആവേശപൂർവം വാദിക്കുകയായിരുന്നു കേന്ദ്ര സർക്കാര്‍.

എന്നാൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളിൽ പവർകട്ടും ലോഡ്ഷെഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയപ്പോഴാണ് കൽക്കരി വിതരണം താറുമാറായതെന്നും വൈദ്യുതപ്രതിസന്ധി കടുക്കുകയാണെന്നും ഏറ്റുപറയാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരായത്.

താപവൈദ്യുത നിലയങ്ങളിൽ ആവശ്യമായത്ര കൽക്കരി കരുതൽ ശേഖരം നടത്തുന്ന പതിവ് അപ്രത്യക്ഷമായത് നരേന്ദ്രമോഡിയുടെ ആദ്യസർക്കാർ ഭരണത്തിൽ വന്നതിനു ശേഷമായിരുന്നു. മൂന്നുമാസത്തേക്കെങ്കിലുമുള്ള കൽക്കരി വൈദ്യുത നിലയങ്ങളിൽ സംഭരിച്ച് വെയ്ക്കണമെന്ന നിബന്ധന 2015ൽ എടുത്തു കളഞ്ഞത് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നുവത്രെ. മുടക്കമില്ലാത്ത കൽക്കരി ലഭ്യതയ്ക്കുള്ള സംവിധാനം പൊളിച്ചടുക്കിയത് സ്വകാര്യ കോർപ്പറേറ്റുകളുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഊർജ്ജ പ്രതിസന്ധി സമ്പദ്ഘടനയെയും ജനജീവിതത്തെയും വ്യവസായിക വ്യാപാരപ്രവർത്തനങ്ങളെയും അതിഗുരുതരമായി ബാധിക്കുകയാണെന്നറിഞ്ഞിട്ടും അവരുടെ നിസംഗത അമ്പരിപ്പിക്കുന്നതാണ്.

ഊർജ്ജോല്പാദനവിഷയത്തിൽ ബിജെപി ഭരണകൂടത്തിന് നിഗൂഢ അജണ്ടകൾ പലതുണ്ട് എന്ന സംശയം ഒന്നിനൊന്ന് പ്രബലമാകുകയാണ്. ഊർജ്ജപ്രതിസന്ധി ഭൂഗോളത്തിൽ തന്നെ രൂക്ഷമാകുകയാണെന്നും ഇന്ത്യയിലും അതിന്റെ കാറ്റ് വീശുകയാണെന്നും പറഞ്ഞാണ് കേന്ദ്രസർക്കാർ തങ്ങളുടെ നിസംഗതയെയും നിഷ്ക്രിയത്വത്തെയും ന്യായീകരിക്കാൻ ശ്രമിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: വൈദ്യുതി പ്രതിസന്ധി കേന്ദ്രത്തിന്റെ മറ്റൊരു പിടിപ്പുകേട്


കോവിഡ്കാല പ്രതിസന്ധിമൂലം കൽക്കരി, പ്രകൃതിവാതകങ്ങൾ പെട്രോളിയം, ഉല്പന്നങ്ങൾ എന്നിവയുടെ ഉല്പാദനം സാർവദേശീയമായി തന്നെ വൻതോതിൽ കുറഞ്ഞതിന്റെ തനിയാവർത്തനമാണ് ഇന്ത്യയിലും ഉണ്ടായിരിക്കുന്നതെന്നും ഇതു മൂന്നിന്റെയും വിലക്കയറ്റം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് വാദം.

രാജ്യത്തെ 135 കൽക്കരി അധിഷ്ഠിത താപ വൈദ്യുതിനിലയങ്ങളിൽ 125 എണ്ണവും അതിരൂക്ഷമായ കൽക്കരിക്ഷാമത്തിൽ പെട്ട് പ്രവർത്തനസ്തംഭത്തിലാണ്. പൂർണതോതിൽ ഉല്പാദനം നടത്തിയാൽ 1,40,214 മെഗാവാട്ട് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കാനാകുന്ന ഈ നിലയങ്ങൾ ഇപ്പോൾ 70,000 മെഗാവാട്ടിൽ താഴെ വൈദ്യുതി മാത്രമാണ് ഉല്പാദിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. 96 താപനിലയങ്ങളിൽ നാലു ദിവസത്തിൽ താഴെയുള്ള ഉല്പാദനത്തിനു വേണ്ടുന്ന കൽക്കരിയേ ഉള്ളുവെന്നാണ്. എന്നാൽ താപ വൈദ്യുതി നിലയങ്ങളിൽ ഉല്പാദനത്തിന് ആവശ്യമായ കൽക്കരി എത്രയെന്ന് മുൻകൂട്ടി അറിയാവുന്ന സർക്കാരിന് അതിനനുസരിച്ച് കൽക്കരി ഖനനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായില്ല. ഖനികൾ ലേലത്തിൽ പിടിച്ച സ്വകാര്യ കമ്പനികൾ യഥാസമയം ഉല്പാദനം ആരംഭിച്ചില്ല. ഇവയുടെ ലേലം റദ്ദ് ചെയ്ത് സർക്കാർ നേരിട്ട് ഖനനം ചെയ്യാനും മുതിർന്നില്ല. സ്വകാര്യമേഖല നല്കുന്ന കൽക്കരിക്കും ഇറക്കുമതി കൽക്കരിക്കും അമിതവില ഈടാക്കുന്നതിനാൽ വൈദ്യുതി നിലയങ്ങൾ കൽക്കരി സംഭരണം കുറക്കുകയും ചെയ്തു. വേനൽക്കാലമാകുന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. മൊത്തം വൈദ്യുതി ആവശ്യകത നിറവേറ്റാൻ രാജ്യത്തെ നിലയങ്ങൾക്ക് ശേഷിയില്ല. പല സംസ്ഥാനങ്ങളും പവർകട്ടിലാണ്.

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ദിവസേന കുതിച്ചുയരുന്നത് രാജ്യത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തി. വൈദ്യുതി വിലക്കയറ്റം കൂടിയാകുമ്പോൾ ജനം വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക് എന്ന അവസ്ഥയിലാകും. എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾക്ക് നടുവിൽ കണ്ണീർപുഴയിൽ മുങ്ങിത്താഴുകയാണ് ഇന്ത്യൻ ജനത.

മറ്റു മേഖലകളിലെ പ്രതിസന്ധിയിൽ നിന്നും പലതുകൊണ്ടും ഏറെ വ്യത്യസ്തവും പതിന്മടങ്ങ് പ്രത്യാഘാതമുളവാക്കുന്നതുമാണ് ഊർജ്ജ പ്രതിസന്ധി. സമസ്ത മേഖലകളിലും നാശം വിതയ്ക്കുന്നതാണ്.

വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിക്കുമെന്ന് ഏറെ ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്ത് കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങൾ ഇല്ലെങ്കിലും കമ്മി നേരിടാൻ സംസ്ഥാന സർക്കാർ വൈദ്യുതി വാങ്ങുന്നത് ഇതര സംസ്ഥാനങ്ങളിലെ താപവൈദ്യുതി നിലയങ്ങളിൽ നിന്നാണ്. കേന്ദ്ര ഗ്രിഡിൽ നിന്നുമാണ്. താപനിലയങ്ങളിൽ ഉണ്ടാകുന്ന ഇടിവ്മൂലം അവിടെ നിന്നുള്ള വൈദ്യുതി മുടങ്ങിയേക്കാം. കിട്ടുന്ന വൈദ്യുതിക്ക് വർധിച്ച വില കൊടുക്കേണ്ടതായും വരും.

സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിലെ വൈദ്യുതി ഉല്പാദന ചെലവ് യൂണിറ്റിന് രണ്ടര രൂപ മാത്രമാണെങ്കിൽ യൂണിറ്റിന് 20 രൂപവരെയുള്ള തീവില നൽകിയാണ് സംസ്ഥാന സർക്കാർ വൈദ്യുതി പുറമെ നിന്ന് വാങ്ങുന്നത്. ഈയിനത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം പൊതുഖജനാവിൽ നിന്നും ചെലവാക്കിയത് 36,000 ത്തോളം കോടി രൂപയാണ്.

 


ഇതുകൂടി വായിക്കൂ: വരുന്നത് ജല പ്രതിസന്ധി; 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ


കേന്ദ്രവിഹിതവും കരാറും വഴി 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി കിട്ടിക്കൊണ്ടിരുന്നത് 31 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. വില യൂണിറ്റിന് 1.90 രൂപയിൽ നിന്ന് 20 രൂപ വരെയായി. പ്രതിസന്ധികണക്കിലെടുത്ത് സംസ്ഥാനത്തെ ജല വൈദ്യുതി ഉല്പാദനം ഇരട്ടിയാക്കി 18 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ഉല്പാദനം ഇപ്പോൾ 31 ദശലക്ഷത്തിന് മേലേയാണ്

കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്, ഉരുക്ക് അലുമിനിയം, സിമന്റ് എന്നിവയുടെ ഉല്പാദനചെലവിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതുമൂലം ഇരുമ്പ് ഉല്പന്നങ്ങളുടെ വിലയിൽ വലിയ വർധന ഉണ്ടാകാൻ സാധ്യത ഏറെയാണ്.

രാജ്യത്ത് അനേകവർഷം ഉപയോഗിക്കാനുള്ള കൽക്കരി ഖനനം ചെയ്യാതെ കിടക്കുമ്പോൾ വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുകയാണെന്ന് രാജീവ് രഞ്ജൻ സിങ് അധ്യക്ഷനായുള്ള പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. 34,402 കോടി കൽക്കരി സ്രോതസ് രാജ്യത്തെ ഖനികളിൽ ഉണ്ടെങ്കിലും ഇപ്പോൾ പ്രതിവർഷം 72.90 കോടി ടൺ കൽക്കരിയാണ് ഖനനത്തിലൂടെ ലഭിക്കുന്നത്. ഈ നില തുടരുകയാണെങ്കിൽ 400 വർഷത്തിലധികം കാലം ഉപയോഗിക്കാനുള്ള കൽക്കരി രാജ്യത്ത് നിലവിലുണ്ടെന്നാണ്. ഇത്രയും കൽക്കരി സ്രോതസ് ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രസർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുകയാണെന്ന് സമിതി കണ്ടെത്തി. നമ്മുടെ ആവശ്യങ്ങൾക്ക് പൂർണമായും ഉപയോഗിക്കാവുന്ന അത്രയും കൽക്കരി ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത് കൽക്കരി ഇറക്കുമതി ഘട്ടം ഘട്ടമായി നിർത്തലാക്കേണ്ടതാണെന്നും സമിതി അഭിപ്രായപ്പെടുകയുണ്ടായി.

Exit mobile version