Site iconSite icon Janayugom Online

തേങ്ങയിടും റോബോട്ടുകൾ; കൗതുകമായി റോബോകോൺ

RobotRobot

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ച ‘റോബോകോൺ 2024’ അന്താരാഷ്ട്ര റോബോട്ടിക് ഡിസൈൻ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ടുകൾ കൗതുകമായി. തെങ്ങ് കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റോബോട്ടുകളെ രൂപപ്പെടുത്തിയെടുക്കുകയെന്നതായിരുന്നു മത്സരത്തിന്റെ വിഷയം. എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നിനൊന്ന് മികച്ച റോബോട്ടുകളാണ് പിറവിയെടുത്തത്. തെങ്ങിൽ നിന്ന് തേങ്ങ ഇടുന്നതിനും താഴെ വീഴുന്ന തേങ്ങ വാഹനത്തിലേക്ക് മാറ്റുന്നതിനുമായി ഒന്നിലധികം റോബോട്ടുകളെയാണ് ഓരോ ടീമും രംഗത്തിറക്കിയത്. 

ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച മത്സരവേദിയിൽ വച്ചാണ് വിദ്യാർത്ഥികൾ റോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തത്. മത്സരത്തിൽ ടോക്കിയോ ഡെൻകി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡെയ്കി കൊമാബ, ഈജിപ്തിലെ മെനൂഫിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മുഹമ്മദ് അഹമ്മദ് സലാമ, അമൃത വിശ്വവിദ്യാപീഠത്തിലെ ജെ. തനുഷ്, എസ് ടീന, സിഎച്ച്എസ്എസ് അനീഷ് എന്നിവരടങ്ങുന്ന ടീം പർപ്പിൾ ഒന്നാമതെത്തി. ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദ്യാർത്ഥികളടങ്ങിയ ടീം ഗ്രീൻ രണ്ടാം സ്ഥാനം നേടി. 

സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ ബി ഹെബ്ബാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഐസിഎആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റെജി ജേക്കബ് തോമസ്, പാരച്യൂട്ട് കല്പവൃക്ഷ ഫൗണ്ടേഷൻ മാനേജർ ജി എസ് അരവിന്ദ്, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. മസാക്കി യാമാകിത, അമൃത വിശ്വവിദ്യാപീഠം സിഐആർ ഡയറക്ടർ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗം ചെയർമാൻ ബ്രഹ്മചാരി ചിദാനന്ദാമൃത ചൈതന്യ, അമൃത ഹട്ട്ലാബ്സ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, കെ. എം ശക്തിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version