കെഎസ്ആർടിസി ജീവനക്കാർ ഇനി യാത്രക്കാരോട് അതിരുവിട്ട് പെരുമാറിയാൽ നടപടി ഉറപ്പ്. കെഎസ്ആർടിസി ജീവനക്കാരായ ചിലരിൽ നിന്നും യാത്രക്കാർ നേരിടുന്ന മോശമായ പെരുമാറ്റങ്ങളെ സംബന്ധിച്ച് നിരന്തരം പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി കടിഞ്ഞാണിടാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാൻ വാട്സാപ്പ് നമ്പർ സേവനം ആവിഷ്ക്കരിച്ചു.
ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് ഈ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. ജീവനക്കാരെക്കുറിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൾ ഇനി മുതൽ വാട്ട്സാപ്പ് നമ്പർ ആയ 9188619380 നമ്പറിൽ അറിയിക്കാം. പരാതികൾ അറിയിക്കാൻ പ്രത്യേക സംവിധാനം ഒരുങ്ങിയതോടെ യാത്രക്കാരോ പൊതുജനങ്ങളോ ഇനി നിയമം കൈയിലെടുത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഇതിനുപുറമെ അപകടകരമാം വിധത്തിൽ ഡ്രൈവിംഗ് നടത്തിയാലും യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ ബന്ധപ്പെട്ട പരാതികൾ ഇതേ വാട്ട്സാപ്പ് നമ്പറിൽ തന്നെ അറിയിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വാട്സാപ്പ് വഴി ഫോട്ടോയോ, വീഡിയോയോ അപ്‍ലോഡ് ചെയ്തും പരാതികൾ അറിയിക്കാം. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും ശരിയായ നടപടികൾ എടുക്കുവാനും ഈ സംവിധാനം ഉപകരിക്കും. കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടികളും ഉറപ്പുവരുത്തും.
English Summary:Code of conduct for KSRTC employees comes
You may also like this video