Site iconSite icon Janayugom Online

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നു പ്രതികളും പിടിയില്‍

കോയമ്പത്തൂരിൽ കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക് എന്ന കാളീശ്വരൻ എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാർത്ഥിനിയെ ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം ആണ്‍ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

Exit mobile version