കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ യുഎപിഎ ബാധകമാകുന്നതുമായി ബന്ധപ്പെട്ടുള്ള വാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാര്‍ ഇന്ന് കേള്‍ക്കും. സ്ഫോടനക്കേസ് അന്വേഷിച്ച ജോർജ് കോശിയെയാണ് ഇന്നു വീണ്ടും വിസ്തരിക്കുന്നത്.
യുഎപിഎ നിയമം കേസിൽ ബാധകമാക്കാൻ സമയപരിധിയുണ്ട്. കേസ് അന്വേഷണം പൂർത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ ശുപാർശയും തുടർന്ന് ശുപാർശ അംഗീകരിച്ചുള്ള നടപടിയുമുണ്ടാകണം. എന്നാൽ, ഈ കേസിൽ സമയപരിധി വ്യവസ്ഥ പാലിച്ചില്ലെന്നാണ് പ്രതിഭാഗം വാദം. നിശ്ചിത സമയത്തിനുള്ളിൽ തന്നെ ശുപാർശ സമർപ്പിച്ചെന്നും അത് അനുവദിച്ചുള്ള ഉത്തരവ് സമയപരിധിക്കുള്ളിൽ തന്നെ എത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. സമയപരിധി വിഷയത്തിലെ അവ്യക്തത നീക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വീണ്ടും മൊഴിയെടുക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി.
2016 ജൂണിൽ കലക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരുക്കേറ്റിരുന്നു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീടു മാപ്പുസാക്ഷിയാക്കിയിരുന്നു.