ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തെ വിമർശിച്ച കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്ന് ജസ്റ്റിസുമാരായ എസ് കെ കൗളും എ എസ് ഒകയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു ചാനലിലെ അഭിമുഖത്തിലാണ് കിരൺ റിജിജു കൊളീജിയത്തെ വിമർശിച്ചത്. ‘കൊളീജിയത്തിന്റെ ശുപാർശകളിൽ സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്ന് പറയരുത്. അങ്ങനെയാണെങ്കിൽ പിന്നെ ശുപാർശകൾ നൽകാതിരുന്നാൽ പോരെ’ എന്നായിരുന്നു റിജിജുവിന്റെ വാക്കുകൾ. ഉന്നത പദവി കൈയാളുന്ന ഒരാളിൽനിന്ന് ഇത്തരമൊരു പരാമർശം പാടില്ലായിരുന്നെന്ന് കോടതി പറഞ്ഞു. കോടതി തന്നെ തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന മുന്നറിയിപ്പും ബെഞ്ച് നല്‍കി.
കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ച് നേരത്തെ നല്‍കിയ മാനദണ്ഡങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കണം. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) നിയമം സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷമാണ് കൊളീജിയം ശുപാർശകൾ നടപ്പാക്കുന്നത് വൈകാൻ തുടങ്ങിയത്. എൻജെഎസി റദ്ദാക്കിയത് സർക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. വെെകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കടരമണിയോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ വികാരം സർക്കാരിനെ അറിയിക്കാൻ അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും കോടതി നിർദ്ദേശം നൽകി.
‘കൊളീജിയം സംവിധാനം സുതാര്യമല്ല, അവ്യക്തതയുണ്ട്. അതുകൊണ്ട് സർക്കാർ നടപടികളെടുക്കുന്നില്ലെന്ന് പറയരുത്. ഇങ്ങനെ പറയുന്നവർ സ്വന്തമായി വിധികർത്താക്കളെ നിയമിച്ച് ഷോ നടത്തി നോക്കൂ’ എന്നായിരുന്നു റിജിജുവിന്റെ പരാമര്‍ശം. ചീഫ് ജസ്റ്റിസുമാരുമായി കൂടിയാലോചിച്ച് സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കാൻ ഭരണഘടന കേന്ദ്ര സർക്കാരിന് (രാഷ്ട്രപതി മുഖേന) അധികാരം നൽകുന്നുണ്ട്. എല്ലാവരും ഭരണഘടനയ്ക്കും വിധേയരാണ്. ഇതിൽ അന്യമായ എന്തെങ്കിലും ഉണ്ടായാൽ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും റിജിജു വ്യക്തമാക്കിയിരുന്നു.
English Summary:Collegium: Supreme Court tells Center not to make tough decisions
You may also like this video