Site iconSite icon Janayugom Online

വരൂ മക്കളേ, പൊതുവിദ്യാലയം വിളിക്കുന്നു

ഴ തണുപ്പും ഉത്സാഹവുമായി നേരത്തെ എത്തി. പുതിയ സ്കൂൾ വര്‍ഷം തുടങ്ങുകയാണ്. കണ്ണീർ മഴയും കൗതുകവുമായെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ മുറ്റം ഒരുങ്ങുകയാണ്. രക്ഷകർത്താക്കളെ ആകർഷിക്കുന്ന പരിപാടികൾ നേരത്തെ തന്നെ സ്വകാര്യ വിദ്യാലയങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറുവശത്ത് ചരിത്രത്തിലെ അഭിമാനസ്തംഭങ്ങളായ പൊതു വിദ്യാലയങ്ങളും ചിറകു കുടയുന്നു. മഹദ്‌വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുത്ത, മതാതീത മാനുഷിക ബോധത്തിന്റെ ഉദ്യാനങ്ങളായ നമ്മുടെ പൊതുവിദ്യാലയങ്ങൾ പുതിയ കുരുന്നുകളെ മാടിവിളിക്കുകയാണ്. വരൂ മക്കളേ, ഈ മടിയിലിരുന്നു നല്ല മനുഷ്യരാകാം.

വിദ്യാഭ്യാസമേഖലയിൽ വലിയ ശ്രദ്ധയാണ് നമ്മുടെ ഭരണകൂടം നൽകുന്നത്. അതിന്റെ നേട്ടങ്ങൾ ചെറുതല്ല. പല സംസ്ഥാനങ്ങളിലും വർഗീയ ലഹളകൾ അരങ്ങേറുകയും തെരുവിൽ വീണ് മനുഷ്യന് പിടഞ്ഞു മരിക്കേണ്ടിവരികയും ചെയ്തപ്പോൾ കേരളം മാനവികതയുടെ പതാകയുയർത്തി സ്നേഹത്തിന്റെ ഭക്ഷണം കഴിച്ച് തലയുയർത്തി നിന്നത് ഈ ശ്രദ്ധകൊണ്ടാണ്.

കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളധികവും ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും മാത്രമല്ല, ചുമരിലിരുന്നു പക്ഷികളും മൃഗങ്ങളും മരങ്ങളും പൂക്കളുമൊക്കെ സ്വാഗതഗാനം പാടുന്നുണ്ട്. ടോട്ടോച്ചാനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പലകെട്ടിടങ്ങളെയും തീവണ്ടിച്ചന്തത്തിൽ ഒരുക്കിയിട്ടുണ്ട്. ബസുകളും ക്ലാസ് മുറികളാകുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ:  കോവിഡാനന്തര വിദ്യാഭ്യാസം


 

മതങ്ങളും മറ്റു വിദ്യാഭ്യാസ ബിസിനസുകാരും വലിയ ഫീസ് ഈടാക്കുകയും ഫീസ് കൊടുത്തു പഠിച്ചാലേ ഉത്തരവാദിത്തം ഉണ്ടാകൂ എന്നൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടെയാണ് മക്കൾക്ക് ചോറുകൊടുത്താലും കൂലിവാങ്ങുന്ന ഹോട്ടലുകളല്ല പൊതുവിദ്യാലയങ്ങളെന്ന് നമ്മൾ തിരിച്ചറിയേണ്ടത്. പൊതുവിദ്യാലയങ്ങളിൽ സ്നേഹം മാത്രമല്ല, പാലും മുട്ടയും പഴവുമടക്കമുള്ള ആഹാരവും സൗജന്യമാണ്. പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൗജന്യമാണ്. ഈ സൗജന്യങ്ങളൊന്നും ഔദാര്യമല്ല, അവകാശമാണ്.

നിങ്ങൾ ജാതിയിലൊ മതങ്ങളിലൊ വിശ്വസിക്കാത്ത ഒരാളാണെങ്കിൽ ഉത്തമബോധ്യത്തോടെ കുഞ്ഞുമായി പൊതുവിദ്യാലയത്തിലേക്ക് ചെല്ലാം. അവിടെ ആരും ജാതിയും മതവും എഴുതാൻ നിർബന്ധിക്കില്ല. കുഞ്ഞുമക്കൾ കയ്യുംവീശി ചെന്നാൽ മതി. അവർക്ക് വേണ്ടതെല്ലാം സ്കൂളിലുണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുങ്ങിയിരിക്കയാണ്. അമ്മമലയാളം കൂടാതെ ഇംഗ്ലീഷും സംസ്കൃതവും ഹിന്ദിയും അറബിയും ഉറുദുവും എല്ലാം ഒരു ചെലവുമില്ലാതെ അവിടെ പഠിക്കാം. നമ്മുടെ സ്കൂളാണ്. സുസജ്ജമായ പരീക്ഷണശാലയും ശുചിമുറിയുമെല്ലാമുണ്ട്.

സാഹിത്യ വാസനയുള്ള കുഞ്ഞുങ്ങൾക്കായി വിദ്യാരംഗവും കലോത്സവങ്ങളും ഉണ്ട്. കലോത്സവത്തിൽ പ്രതിഭകളായിക്കഴിഞ്ഞാൽ സിനിമയടക്കമുള്ള വിവിധ സാധ്യതകൾ. ശാസ്ത്രമേളകൾ, കായികമേളകൾ, ഗണിത, പ്രവർത്തിപരിചയ ഐടി മേളകൾ, വിവിധ സ്കോളർഷിപ്പുകൾ, പഠന ധനസഹായങ്ങൾ…

 


ഇതുകൂടി വായിക്കൂ:  അടിയറവ് വയ്ക്കരുത്, മലയാളത്തെ


 

സ്കൂളുകളിലിനി ഇന്റർനെറ്റ് സൗകര്യവും ലഭിക്കും. ദേശീയ ഹരിതസേനയടക്കം ഇരുപത്തഞ്ചിലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ, കുട്ടിപ്പൊലീസും സ്കൗട്ടും റെഡ്ക്രോസും എൻസിസിയും രോഗപരിശോധനയും എല്ലാം സ്കൂളിൽ കിട്ടും. അധ്യാപകരുടെ ജ്ഞാനമേഖല വികസിപ്പിക്കാൻ വേണ്ടി വിവിധ ക്ലസ്റ്റർ പരിശീലനങ്ങൾ…

അതെ നമ്മുടെ മക്കളേ പൊതുവിദ്യാലയങ്ങളിൽ സുരക്ഷിതരാക്കാം. ഒരു രൂപ പോലും ഡൊണേഷനില്ല. അധ്യാപക രക്ഷകർതൃ സമിതികളിൽ സഹകരിക്കാം. മതരഹിതരായി ഒന്നിച്ചിരുന്നു നമ്മുടെ മക്കൾ മനുഷ്യരായി വളരട്ടെ. കേരളത്തിന്റെ അഭിമാനപതാക ഉയരത്തിൽ പറക്കട്ടെ.

ഇനിയും മുന്നോട്ട് വരേണ്ട പൊതുവിദ്യാലയങ്ങളുണ്ടെന്ന കാര്യം മറക്കുന്നില്ല. ആദിവാസി മേഖലയാണ് അതിൽ പ്രധാനം. ട്രൈബൽ സ്കൂളുകളിൽ വേണ്ട സൗകര്യങ്ങളൊരുക്കാൻ ഇനിയും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസി മക്കൾക്ക് അനുവദിച്ചിട്ടുള്ള താമസസൗകര്യങ്ങൾ മികവുറ്റതാക്കാനും സര്‍ക്കാർ ശ്രദ്ധിക്കേണ്ടതാണ്.

Exit mobile version