Site iconSite icon Janayugom Online

സപ്ലൈകോയിലേക്ക് വരൂ… സാധനങ്ങള്‍ വന്‍ ലാഭത്തില്‍ വാങ്ങാം; കെ-റൈസ് ഇനി മുതല്‍ എട്ട് കിലോ കിട്ടും

അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളെല്ലാം സപ്ലൈകോയില്‍ നിന്ന് വന്‍ വിലക്കുറവില്‍ വാങ്ങാം. ഇതോടൊപ്പം മാസത്തില്‍ അഞ്ച് കിലോ വീതം നല്‍കിയിരുന്ന കെ-റൈസ് ഇനി മുതല്‍ എട്ട് കിലോ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ മാസത്തില്‍ രണ്ട് തവണയായി നാല് കിലോ വീതം അരി വാങ്ങാം. നിലവില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോയാണ് കെ റൈസ് നല്‍കിയിരുന്നത്. ഇതാണ് എട്ട് കിലോയായി വര്‍ധിപ്പിച്ചത്. അഞ്ച് കിലോ പച്ചരി നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42–47 രൂപ നിരക്കില്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.

പൊതുവിപണിയില്‍ നാനൂറ് രൂപയോളം വിലയുള്ള വെളിച്ചെണ്ണ 330 രൂപയ്ക്കാണ് സപ്ലൈകോയില്‍ നിന്ന് ലഭിക്കുന്നത്. മുളക്(അരക്കിലോ) 57.75 രൂപയ്ക്കും മല്ലി(അരക്കിലോ) 40.95 രൂപയ്ക്കും പഞ്ചസാര (ഒരു കിലോ) 34.65 രൂപയ്ക്കും ലഭിക്കും. വന്‍കടല 65 രൂപ, വന്‍പയര്‍ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, ചെറുപയര്‍ 90 രൂപ, ഉഴുന്ന് 90 രൂപ എന്നിങ്ങനെയാണ് സപ്ലൈകോയിലെ വില. പൊതുവിപണിയില്‍ നിന്ന് മുപ്പത് രൂപയിലധികം വിലക്കുറവാണ് പല ഇനങ്ങള്‍ക്കും സപ്ലൈകോ നല്‍കുന്നത്.

Exit mobile version