Site iconSite icon Janayugom Online

വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 102 രൂപ കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില കൊച്ചിയില്‍ 1842 രൂപയായി. ഡല്‍ഹിയില്‍ 1,833 രൂപയും മുംബൈയിൽ 1,785.50 രൂപയുമാണ് നിരക്ക്. പുതുക്കിയ വില ഇന്നലെ മുതല്‍ നിലവില്‍വന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ഗാസ യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂട്ടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസത്തിലാണ് വിലവര്‍ധന. ഒക്ടോബര്‍ ഒന്നിന് വിലയില്‍ 209 രൂപയുടെ വിലവര്‍ധന വരുത്തിയിരുന്നു. സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. ഇതിനുശേഷം രണ്ടുമാസംകൊണ്ട് 311 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചക വാതക വില വീണ്ടും വർധിച്ചതോടെ ഹോട്ടലുടമകൾ ആശങ്കയിലായി. ആനുപാതികമായുള്ള ഭക്ഷണവില വർധന നടത്താതെ നിവൃത്തിയില്ലെന്നാണ് ഹോട്ടലുടമകളുടെ പ്രതികരണം. ഇത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കാനും ഇടയുണ്ട്. 

ക്രൂഡ് ഓയിൽ വില വർധനവിന്റെ സാഹചര്യത്തിൽ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയിലടക്കം വര്‍ധന ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും പണപ്പെരുപ്പവും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലകള്‍ ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ല. മാർച്ച് മാസത്തിനുശേഷം ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞ ആറു മാസക്കാലയളവിൽ എണ്ണക്കമ്പനികൾ വന്‍ ലാഭം സ്വന്തമാക്കിയിരുന്നു. 

Eng­lish Summary:Commercial cook­ing gas cylin­der prices hiked
You may also like this video

Exit mobile version