ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ പ്രാദേശിക മേളയ്ക്കായി പിരിവ് ശേഖരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം വർഗീയ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ അഞ്ചു മുതൽ ആറു വരെ ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി കുമാർഘട്ട് സബ് ഡിവിഷനിൽ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. കൂടാതെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫാതിക്രോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈദർപൂർ ഗ്രാമത്തിൽ തടി കയറ്റിവന്ന വാഹനം ഒരു സംഘം തടഞ്ഞുനിർത്തി മേളയ്ക്കായി പണം ആവശ്യപ്പെട്ടതാണ് അക്രമങ്ങളുടെ തുടക്കം. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഷിമുൽതാല മേഖലയിലെ ഒരു കുടുംബം പണം നൽകാൻ വിസമ്മതിച്ചതോടെ മറ്റൊരു വിഭാഗം ജനക്കൂട്ടം സംഘടിച്ചെത്തി തടിക്കടയും വീടുകളും ഉൾപ്പെടെ തീയിടുകയായിരുന്നു. ഒരു ആരാധനാലയം തകർക്കപ്പെട്ടതായും പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് തിരിച്ചടിയും ഉണ്ടായതോടെ സ്ഥിതിഗതികൾ വഷളായി.
ക്രമസമാധാനം നിലനിർത്തുന്നതിനായി കുമാർഘട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. കേന്ദ്ര സേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

