Site iconSite icon Janayugom Online

‘മാ! നിഷാദ’ എന്ന് ഉച്ചത്തില്‍ ഉണര്‍ത്തേണ്ട കാലമിത്

‘ഇത്ര നാളിത്ര നാള്‍ ആരോരും കാണാത്ത ദെെവം ശക്തിസ്വരൂപനാം ദെെവം കൊത്തുളി കൊണ്ടവന്‍ കാട്ടീ കരിങ്കല്ലില്‍ കൊത്തി മിനുക്കിയ ശില്പം. മാ! നിഷാദ മന്ത്രം പാടീ മനസ് കരയുന്നൂ, എന്റെ മനസ് കരയുന്നൂ ആദികവിയുടെ ദുഃഖഗീതം അരുതെന്നു വിലക്കുന്നു, എന്നെ, കറുത്ത മനസിലായേരമ്പും വില്ലുമായി, കാട്ടാളര്‍‍ പിന്നെയും വരുന്നൂ’ ബഹുമുഖ പ്രതിഭയായ കണിയാപുരം രാമചന്ദ്രന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്റെ ഗാനശകലത്തിലൂടെ മലയാള മണ്ണിന്റെ മനസ് ഉണര്‍ത്തി. ഇന്ന് ഇന്ത്യയുടെ മനസ് അലമുറയിട്ട് കരയുകയാണ്. കറുത്ത മനസിന്റെ അമ്പും വില്ലുമായി കാട്ടാളന്മാര്‍ ആര്‍ത്തട്ടഹസിച്ച് അതിക്രൂരമായി അതിക്രമിച്ച് കടക്കുന്നു. കൊത്തുളികൊണ്ട് കരിങ്കല്ലില്‍ തീര്‍ത്ത ശക്തിസ്വരൂപനാം ദെെവത്തിന്റെ നാമധേയത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്ന, ഇത്ര നാളും ആരോരും കാണാത്ത ദെെവത്തിന്റെ പേരില്‍ അരങ്ങേറ്റപ്പെടുന്ന കറുത്ത മാനസങ്ങളുടെ ചിത്രപ്രവൃത്തികളുടെ വിചിത്ര ദുരന്തകാലമാണിത്. രാമനവമി ആഘോഷങ്ങളുടെ പേരില്‍ ആസൂത്രിത വര്‍ഗീയ ലഹളകള്‍ക്കായുള്ള പരിശ്രമം. രാമന്‍ മതനിരപേക്ഷതയുടെ വക്താവും പ്രയോക്താവുമായിരുന്നു.

മതസൗഹാര്‍ദത്തിന്റെ സഞ്ചാരവാഹകനായിരുന്നു ശ്രീരാമന്‍. സരയൂ നദിയുടെ ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ രാമന്‍ ഉദ്ഘോഷിച്ചത് സാര്‍വലൗകിക മതസൗഹാര്‍ദത്തിന്റെ മഹനീയ സന്ദേശമായിരുന്നു. ലോകം ഏകനീഢം എന്ന യജുര്‍വേദ സന്ദേശം രാജന്‍ എന്നുമെന്നും ഉച്ചെെസ്തരം ഉദ്ഘോഷിച്ചിരുന്നു. ഇരുട്ട് മായണം എന്ന രാമായണത്തിലെ രാമന്‍ എവിടെ? സംഘ്പരിവാറിന്റെ രാമന്‍ എവിടെ? ആടും കുതിരയും പോലെയാണ് ആ രാമന്മാര്‍. സംഘ്പരിവാറിന്റെ രാമന്‍ മതഭ്രാന്തനാണ്. യഥാര്‍ത്ഥ രാമന്‍ വിശ്വാമിത്ര മഹര്‍ഷിക്ക് മുന്നിലെ അഹിംസാ ചിന്തകനാണ്. പക്ഷെ ഹിംസാ മാര്‍ഗത്തിലേക്ക് രാമനെ നയിക്കുകയാണ് വിശ്വാമിത്രന്‍. ‘താടക എന്ന രാജകുമാരി’ എന്ന കവിതയില്‍ നമുക്ക് അത് വായിച്ചെടുക്കാം. രാമനവമി ഘോഷയാത്രയില്‍ എത്രയെത്ര ഗലികള്‍ ഇടിച്ചുനിരത്തി. ദില്ലിയിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും പാവങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തി. ബുള്‍ഡോസറുകള്‍ പാവങ്ങളുടെ ചേരികളിലേക്ക് ഇരമ്പിയാര്‍ത്തു.


ഇതുകൂടി വായിക്കു: ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


സുപ്രീം കോടതി തന്നെ ചോദിച്ചു; വിദ്യാഭ്യാസ പ്രക്രിയ അട്ടിമറിച്ചുകൊണ്ട് ഇന്ത്യയുടെ ആത്മാവിനെ നിരാകരിക്കുവാനാണോ ശ്രമമെന്ന്. എന്‍സിഇആര്‍ടി മുഗള്‍ ചരിത്രസംഹിതകളെയാകെ പാഠപുസ്തകത്തില്‍ നിന്ന് വെട്ടിനിരത്തി. പത്തും പന്ത്രണ്ടും ക്ലാസുകളിലെ ജനാധിപത്യവും ബഹുസ്വരതയും ജനകീയ സമരങ്ങളും അതിന് നേതൃത്വം നല്കിയ പ്രസ്ഥാനങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് പരിപൂര്‍ണമായി ഒഴിവാക്കി. മുഗളസാമ്രാജ്യ ചരിത്രം പരിപൂര്‍ണമായി നീക്കം ചെയ്തു. പന്ത്രണ്ടാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട്’ പരിപൂര്‍ണമായി ഒഴിവാക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ ഒഴിവാക്കുകയും ചെയ്തു. ആര്‍എസ്എസ് നിരോധനവും ഗോള്‍വാള്‍ക്കറുടെ ജയില്‍വാസവും ഒഴിവാക്കിയതിനൊപ്പം ഗാന്ധിവധത്തെയും പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കി. നാഥുറാം വിനായക് ഗോഡ്സെയുടെ അഭിഷേക വിശേഷങ്ങളും സാന്ദര്‍ഭികവശാല്‍ എന്ന മട്ടില്‍ ഒഴിവാക്കി. ഗാന്ധിജി അവഹേളിക്കപ്പെടുകയും ഗോഡ്സെമാര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. ജലജീവനുവേണ്ടി യാചിക്കുന്ന കാലമാണിത്. ‘ഉയിര്‍ത്തെഴുന്നേല്‍ക്കണമേ ഉള്ളില്‍ വിളങ്ങണമേ’ എന്ന കണിയാപുരത്തിന്റെ കാവ്യശകലം ഈ വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് ഊര്‍ജം പകരട്ടെ.

Exit mobile version