Site iconSite icon Janayugom Online

ഇസ്രയേല്‍ തടവില്‍ നിന്നും വിട്ടയച്ചവരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ ജെറാറും

വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹമാസ് 3 ബന്ദികളെ മോചിപ്പിച്ചതോടെ ഇസ്രയേല്‍ തടവില്‍ കഴിയുന്ന 90 പേരെ മോചിപ്പിക്കുകയുണ്ടായി. ഇതില്‍ ഫലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ ജറാറും ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഫലസ്തീന്‍ മാര്‍കസിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമായ പിഎഫ്എല്‍പി(പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍) നേതാവാണ് ഖാലിദ ജെറാര്‍.

ഇസ്രയേല്‍ നിരന്തരം ലക്ഷ്യമിട്ടിരുന്ന ഫലസ്തീനിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ഫലസ്തീനിലെ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു ഖാലിദ. ഫലസ്തീന്‍ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്ന നിരോധിത സംഘടനയില്‍ അംഗമാണെന്നാരോപിച്ച് 2015ലാണ് ആദ്യമായി ഖാലിദയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 15 മാസത്തെ തടവിന് ശേഷം വിട്ടയച്ചെങ്കിലും 2017ല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം 2021ല്‍ മോചിപ്പിക്കപ്പെട്ട് ഖാലിദ 2023 ഡിസംബര്‍ 26ന് വീണ്ടും തടവിലാക്കപ്പെട്ടു. 

1989ല്‍ അല്‍ ബിരെയില്‍ നിന്ന് റാമല്ലയിലേക്ക് നടത്തിയ വനിതാ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് ഖാലിദയായിരുന്നു. 5000 സ്ത്രീകള്‍ പങ്കെടുത്ത ഈ മാര്‍ച്ച് ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ പ്രതിഷേധ മാര്‍ച്ചായിരുന്നു. ഈ മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തിയ ഇസ്രയേല്‍ പൊലീസ് ഖാലിദയെ ജയിലിലടക്കുകയും കൊടിയ ശാരീരിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു.

Exit mobile version