ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നിലനിർത്താനുള്ള പ്രധാന ഉത്തരവാദിത്തം സിപിഐക്കാണെന്ന് സംസ്ഥാന അസിസ്റ്റന്റ് സെകട്ടറി കെ പ്രകാശ് ബാബു. എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര കൂട്ടായ്മ എന്ന ആശയം ആദ്യം മുന്നോട്ട് വച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ട്. ലോകായുക്ത നിയമത്തിലെ ഭേദഗതിയെ പാർട്ടി അനുകൂലിക്കുന്നത് കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗിച്ച് നടത്തുന്ന അട്ടിമറി നീക്കത്തെ പ്രതിരോധിക്കാനാണ്. ഗവർണർ നടത്തുന്ന നീക്കങ്ങൾ സമാനതയില്ലാത്തവയാണ്. ലോകായുക്ത എന്നത് അന്വേഷണ ഏജൻസി മാത്രമാണെന്ന് ഉന്നത നീതിപീഠങ്ങള്‍ വിധിന്യായങ്ങൾ പുറപ്പെടുവിച്ചതും മാറ്റത്തിനായുള്ള നീക്കത്തിന് ആക്കം കൂട്ടി.
കോച്ച് ഫാക്ടറി, വാഗൺ ഫാക്ടറി തുടങ്ങിയ റയിൽവേ വികസന പരിപാടികൾക്ക് തുരങ്കം വച്ച കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്നാണ് സിൽവർ ലൈൻ പദ്ധതിക്ക് സമ്മതം മൂളിയത്. പതിവുപോലെ ഈ പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി. ഇത്തരം സാഹചര്യത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിയുമായി മുന്നോട്ട് പോകാൻ ഇടതുമുന്നണി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെ സാമൂഹിക പരിസ്ഥിതി ആഘാത പഠനങ്ങളിലും മറ്റ് ചില കാര്യങ്ങളിലും പാർട്ടിക്കുള്ള വിയോജിപ്പ് ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ചിട്ടുണ്ട്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയാൽ അതിൽ മുതലെടുപ്പ് നടത്തുന്നത് ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടാവുമെന്നും പ്രകാശ് ബാബു പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിൽ പ്രവർത്തിക്കുമ്പോൾ പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്ന കാര്യം പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണമെന്നും പ്രകാശ് ബാബു പറഞ്ഞു.
English Summary: Communist Party responsible for keeping Left Front strong: K Prakash Babu
You may like this video also