ബി ജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം ജില്ലാ പ്രവർത്തക യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മാറിവരുന്ന സാഹചര്യങ്ങളെ മുൻനിർത്തി ഇപ്പോഴേ ജനങ്ങളെ സമീപിക്കാൻ പാർട്ടിപ്രവർത്തകർ മുൻകൈ എടുക്കണം. മുൻ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയം എന്നതായിരിക്കണം ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി പ്രവർത്തകർ റാലികളും യോഗങ്ങളും നടത്തും. ബൂത്ത് തലം മുതൽ ഈ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോവുമെന്നും കാനം പറഞ്ഞു
2014 മുതൽ സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെയ്കുന്ന നിലപാടുകൾ തള്ളിക്കളഞ്ഞു കൊണ്ട് ദേശീയ അംഗീകാരം കമ്മീഷൻ എടുത്തുകളഞ്ഞ സ്ഥിതിയാണുള്ളത്. സീറ്റ് അനുപാതം നോക്കാതെ എത്ര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു, പാർട്ടിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ, ചരിത്രം എന്നിവ പരിശോധിച്ചാവണം അംഗീകാരം നല്കേണ്ടതെന്ന വാദമാണ് കമ്മീഷൻ തള്ളിക്കളഞ്ഞത്. പാർട്ടി ആസ്ഥാന മന്ദിരമായ എം എൻ സ്മാരകത്തിന്റെ നിർമ്മാണത്തിനായി പാർട്ടി അംഗങ്ങൾ ഒരു ദിവസത്തെ വരുമാനം നൽകണം.
മെയ് ഒന്ന് മുതൽ പത്തുവരെ ഈ ആവശ്യവുമായി ജനങ്ങൾക്കടുത്തേയ്ക്ക് പ്രവർത്തകരും നേതാക്കളും ഒന്നിച്ചിറങ്ങണം. സി കെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് കാഴ്ചവെച്ചത്. ഒന്നരവർഷം കൊണ്ട് മന്ദിര നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പാർട്ടിയുടെ നൂറാം വർഷം ആഘോഷിക്കുമ്പോൾ പുതിയ മന്ദിരത്തിലേക്ക് മാറാൻ കഴിയുമെന്ന് കാനം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു.
English Summary:Communist Party workers should come forward for opposition unity: Kanam
You may also like this video