Site iconSite icon Janayugom Online

പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കള വേണം: സുപ്രീം കോടതി

രാജ്യത്തെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ക്ക് മാതൃകാ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇതിനായി കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു. പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന കൂടുതല്‍ ഭക്ഷ്യധാന്യം ഏറ്റെടുക്കാനുണ്ടാകുന്ന ചരക്കു നീക്കത്തിന്റെ ചെലവുകള്‍ സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 

രാജ്യത്തെ പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കള നയം രൂപീകരിക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. രാജ്യത്തു നിന്നും പട്ടിണി മരണങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷമാകും കേസ് വീണ്ടും പരിഗണിക്കുക. അതിനകം സംസ്ഥാനങ്ങള്‍ക്ക് ബന്ധപ്പെട്ട സത്യവാങ്ങ് മൂലങ്ങള്‍ സമര്‍പ്പിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്ക് ചുമത്തിയ പിഴ കോടതി ഇന്നലെ ഒഴിവാക്കി. ‘വിഷയം ഗൗരവമായി പരിഗണിക്കാത്ത സംസ്ഥാനങ്ങളുടെ നടപടിയാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്. ഇത് ഒഴിവാക്കുന്നു. എന്നാല്‍ കേസിന്റെ ഷെഡ്യൂള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. 

സമൂഹ അടുക്കള എന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും നയരൂപീകരണത്തില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം വാദിച്ചത്. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം എടുക്കുന്നില്ല. രാജ്യത്തെ പട്ടിണി മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് തേടുന്നതെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കിയാല്‍ പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്‍കാമെന്ന നിലപാടാണ് പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ സമൂഹ അടുക്കള പദ്ധതി ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ഇത്തരം സംസ്ഥാനങ്ങള്‍ കേന്ദ്രം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തു നിന്നും പട്ടിണി മരണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും എ ജി കോടതിയെ അറിയിച്ചു.
eng­lish summary;Community kitchen need­ed to end star­va­tion deaths: Supreme Court
you may also like this video;

Exit mobile version