Site icon Janayugom Online

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

aksaseendran

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നെടുങ്കണ്ടത്ത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമവും ഓഫീസ് ഉദഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വന്യമൃഗങ്ങള്‍, കാട്ടുപന്നി അടക്കമുള്ളവയെ ആത്യന്താപേക്ഷിക ഘട്ടത്തില്‍ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷകാലമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും ഇതുവരെ ലഭ്യമായില്ല. അതിനാല്‍ വന്യമൃഗങ്ങള്‍, കാട്ടുപന്നികള്‍ എന്നിവയുടെ ശല്യം ഏറ്റവും കൂടുതലുള്ള മേഖലകളെ പ്രത്യേകം തിരിച്ച് ആ പ്രദേശത്തെ മാത്രം ശല്യമായ മൃഗങ്ങളെ മാത്രം വെടിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ നിയമപരമായ ചില തടസങ്ങളും ഉണ്ട്. അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ലൈസന്‍സുള്ള തോക്കുടമകള്‍ക്ക് പ്രത്യേക അനുമതിയോടെ പന്നിയെ വെടിച്ച് കൊല്ലുവാന്‍ അനുമതിയുണ്ടെങ്കിലും ലൈസന്‍സുള്ള തോക്കുകളുടെ എണ്ണം വളരെ കുറവാണ്. കാട്ടുപന്നികളെ അടക്കുമുളളവയെ വെടിവെയ്ക്കുന്നതിന് പഞ്ചായത്തുതലത്തില്‍ പാനല്‍ രൂപീകരിക്കുവാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍പ്രകാരം ഓരോ പഞ്ചായത്തിലും ലൈസന്‍സുള്ളതും വനംവകുപ്പിന്റെ അനുമതിയുള്ളതുമായ തോക്കുടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പാനല്‍ രൂപീകരിക്കും. ആ പാനലിന് ഓരോ പഞ്ചായത്തിലെയും കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ ഈ കമ്മറ്റിക്ക് അധികാരം നല്‍കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുകയും നിരവധി കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ മേഖലകളില്‍ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വനംവകുപ്പും കര്‍ഷകരും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഇതിനായി വേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. ബി.ജെ.പിയും എസ്.ഡി.പി.ഐയും കൊലപാതകങ്ങള്‍ നടത്തി പാര്‍ട്ടിവളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതില്‍ നേട്ടം ബി.ജെ.പിക്കായിരിക്കുമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം. കൊലപാതകങ്ങളെ ഇല്ലാതെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവയെ രാഷ്ട്രീയ നേട്ടമാക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നതെന്നും മന്ത്രി ശശീന്ദ്രന്‍ ആരോപിച്ചു. പ്രതിനിധി സമ്മേളനവും ഓഫീസ് ഉദ്ഘാടനവും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ നിര്‍വ്വഹിച്ചു. എന്‍സിപി ജില്ലാ പ്രസിഡന്റ് കെ.ടി മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി വി.എം മോഹനന്‍ സ്വാഗതം പറഞ്ഞു. കെഎഫ്ഡിസി ചെയര്‍മാന്‍ ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലക്കാല്‍, സിനോജ് വള്ളാടി, ഒ.ജെ ജോസഫ്, ജോസ് വഴുതനാപ്പള്ളി, ലാലു ചക്കനാല്‍, അരുണ്‍ പി. മാണി, കെ.എം പൈലി, വി.പി രാജപ്പന്‍, പി.ഡി ഐസക്, അനുപ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Com­pen­sa­tion to all those injured in wildlife attack with­in 45 days: Min­is­ter AK Sasindran

You may like this video also

Exit mobile version