മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടതായി പരാതി. നെടുങ്കണ്ടം പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ സുനില്‍ കെ കുമാരനെയാണ് തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് സമീപം നിന്നാണ് ഇയാള്‍ സുനിലിന്റെ വാഹനം തടഞ്ഞത്. ലൈസന്‍സ് കാണിക്കാനും 500 രൂപ പിഴയായി നല്‍കാനും ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെ അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഞങ്ങൾ നെടുങ്കണ്ടം ഓഫീസിലെ ജീവനക്കാർ അല്ലെന്ന് പറഞ്ഞു.
തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ വിളിച്ചറിയിച്ചെങ്കിലും വാഹനം പുറത്ത് പാേയിരിക്കുകയാണെന്നും അതിനാൽ എത്തുവാൻ താമസിക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്നും സുനില്‍ ആരോപിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ വി കുര്യാക്കോസിനെ വിളിച്ചതോടെ പ്രതി പിന്മാറിയതെന്നും സുനില്‍ പറയുന്നു. ഏകദേശം അരമണിക്കൂറോളം റോഡില്‍ തടഞ്ഞുനിര്‍ത്തിയിട്ടും പൊലീസ് എത്തിയില്ലെന്ന് സുനില്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.