Site iconSite icon Janayugom Online

വീട്ടുകാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ വീട് ജപ്തി ചെയ്തതായി പരാതി

വീട്ടുകാർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാർഡ് പുളിക്കൽ രാജേന്ദ്രപ്രസാദിന്റെ വീടും പറമ്പുമാണ് കേരളാ ബാങ്ക് ജപ്തി ചെയ്തത്. രാജേന്ദ്രപ്രസാദിന്റെ മകൻ ഡെങ്കിപ്പനി ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആദ്യം മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആണ് ചികിൽസ തേടിയത് . രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 

ഇതുമായി ബന്ധപ്പെട്ട് രാജേന്ദ്രപ്രസാദും കടുംബാംഗങ്ങളും മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ് കേരള ബാങ്ക് , വീട് ജപ്തി ചെയ്തത്. പൂട്ട് പൊളിച്ച് അകത്ത് കയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതിനാൽ ഉടുവസ്ത്രം പോലും വീട്ടിൽ നിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉപജീവന മാർഗ്ഗമായുള്ള സോഡാ നിർമ്മാണ യൂണിറ്റും വീടിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇതും തുറക്കാനാവാത്ത സ്ഥിതി വന്നത് തൊഴിലിനും തടസ്സമായി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയാൽ എവിടെ അന്തിയുറങ്ങും എന്ന ചോദ്യമാണ് കുടുംബത്തെ വലയ്ക്കുന്നത്. 2012 ലാണ് രാജേന്ദ്ര പ്രസാദ് അഞ്ചു ലക്ഷം രുപ ലോൺ എടുത്തത്.ഇതിൽ മൂന്നു ലക്ഷം തിരിച്ചടച്ചതായി രാജേന്ദ്രപ്രസാദ് പറയുന്നു. ബിസിനസ് രംഗത്തുണ്ടായ തകർച്ചയെ തുടർന്നാണ് ലോൺ മുടങ്ങിയത്.

Exit mobile version