വാഹനാപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക് മതിയായ ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടുവെന്ന് പരാതി. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കാതെ വിട്ടുവെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെന്ന് കണ്ടംമാട്ടിൽ അനീഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 30 ന് അനിഷും സഹോദരി ഭർത്താവ് കാഞ്ഞിരപറമ്പിൽ പ്രവീണുമായി (50) വാഹനത്തില്‍ സഞ്ചരിക്കവെ പാർളിക്കാട് വെച്ച് അപകടത്തിൽപ്പെടുകയും ഗുരുതരമായിപരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു.
ഫുൾ ബോഡി എക്സ്റേ, സിടി സ്കാൻ, മറ്റു ടെസ്റ്റുകൾ എന്നിവയെല്ലാം മെഡിക്കല്‍ കോളജില്‍ നടത്തിയെങ്കിലും രോഗിയുടെ ഒരു കാലിന്റെ എല്ലാ പൊട്ടിയത് മാത്രമാണ് കണ്ടെത്തിയത്. മറ്റു പ്രശ്നങ്ങളില്ലെന്നും അടുത്ത ദിവസം ഡിസ്ചാർജ് ചെയ്ത് കൊണ്ടു പോകാമെന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായി അനീഷ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയിൽ കാലിൽ പ്ലാസ്റ്ററിട്ട് രാത്രി മുഴുവനും പിറ്റേന്ന് രാവിലേയും കിടത്തി.
എന്നാല്‍ ബന്ധുക്കള്‍ നിർബന്ധപൂർവ്വം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു.
അവിടെ എടുത്ത ചെസ്റ്റ് എക്സ്റേയിൽ 11 വാരി എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും ഉള്ളിൽ രക്തസ്രാവവും കഴുത്ത് എല്ല്, നട്ടെല്ല്, തോളെല്ല് എന്നിവക്കും പൊട്ടലുകൾ സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഗുരുതര പരിക്കുകൾ കണ്ടെത്തിയ രോഗി ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും നിരുത്തരവാദപരമായ പ്രവര്‍ത്തിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അനീഷ് പറഞ്ഞു.
English Summary: Complaint that the medical college hospital did not provide adequate treatment
You may also like this video