Site iconSite icon Janayugom Online

പ്ലസ്ടു വിദ്യാർത്ഥികളെ അധ്യാപകൻ മർദിച്ചതായി പരാതി: പൊലീസ് കേസെടുത്തു

പ്ലസ്‌ടു വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ കേസെടുത്തു. ട്രെയിനി അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തത്. സ്കൂളിൽ നിന്ന് ടൂറിന് പോയ സമയത്ത് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ പരാതി നൽകിയ വിദ്യാർത്ഥികളെയാണ് സ്വന്തം നാട്ടിലേക്ക് വിളിച്ചുവരുത്തി അധ്യാപകനും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്. 

കഴിഞ്ഞ ഒമ്പതാം തീയതി രാത്രി 8.30ന് ആണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ ബോയിസ് ഹൈസ്കൂളിലെ ബിഎഡ് ട്രെയിനി ആയ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെ ആണ് പരാതി. കഴിഞ്ഞ അഞ്ചിന് സ്കൂളിൽ നിന്ന് ടൂറിന് പോയിരുന്നു. അടിമാലിയിൽ വച്ച് ഡിജെ പാട്ടിനിടയിൽ ബസിൽ വച്ച് അധ്യാപകന്‍ വിദ്യാത്ഥിനികളോട് അപമര്യാദയായി പെരുമാറിയിരുന്നതായി വിദ്യാർത്ഥിനികൾ സഹപാഠികളോട് പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ പരാതി നൽകിയിരുന്നില്ല. സംഭവം വിവാദമായതിനെ തുടർന്ന് കാര്യങ്ങൾ പറഞ്ഞ് പരിഹരിച്ചതിന് ശേഷം യാത്ര തുടരുകയും ചെയ്തു. 

തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി തൃക്കരിപ്പൂർ കൗവ്വായി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് ലിജോ ജോൺ വിളിച്ച് വരുത്തി സുഹൃത്തുക്കളെയും കൂട്ടി മർദിക്കുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശേഷം പഴയങ്ങാടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അധ്യാപകനെതിരെയും മറ്റ് മൂന്ന് പേർക്കെതിരെയും പഴയങ്ങാടി പൊലീസ് കേസെടുത്തത്. നിലവില്‍ ഇയാളും കൂട്ടരും ഒളിവിലാണ്.

Exit mobile version