Site iconSite icon Janayugom Online

ഭക്ഷ്യ‑പൊതുവിതരണവകുപ്പ് സമ്പൂര്‍ണ ഇ‑ഓഫീസ് ; ഉപഭോക്തൃ ദിനത്തില്‍ പുതിയ പദ്ധതികള്‍

retail rationretail ration

സാര്‍വദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് പുതിയ പദ്ധതികളുമായി ഭക്ഷ്യ‑പൊതുവിതരണവകുപ്പ്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഇ‑ഓഫീസ്, എഫ്‌പിഎസ് മൊബൈൽആപ്പ്, ജിപിഎസ് ട്രാക്കിങ്, ഓപ്പറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത എന്നിവയുടെ ഉദ്ഘാടനം 15 ന് നടക്കും. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കവും പ്രവർത്തനങ്ങളും സുതാര്യമായി നിർവഹിക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ഓഫീസുകളിൽ സമ്പൂർണ ഇ‑ഓഫീസ് സംവിധാനം നടപ്പിലാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും. റേഷൻ കടകളുടെ ഓൺലൈൻ പരിശോധന സാധ്യമാക്കുന്നതിനായി എഫ്‌പിഎസ് മൊബൈൽ എന്ന മൊബൈൽ ആപ്പ് സംവിധാനം ഏർപ്പെടുത്തും. ഇതു വഴി റേഷൻ കടകളിലെ സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് പരിശോധന കൂടുതൽ സുതാര്യമാക്കുവാനും കുറ്റമറ്റതാക്കുവാനും സാധിക്കും. ഓരോ റേഷൻ കടകളിലേയും പരിശോധന വിവരങ്ങൾ മേൽ ഉദ്യോഗസ്ഥർക്ക് തത്സമയം ഔദ്യോഗിക ലോഗിനുകളിൽ ലഭ്യമാകും.

ഇന്ത്യയിൽ ആദ്യമായി സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിനോടകം തന്നെ ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പ്രശംസ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പ് കമ്പനിയായ സാഫ് ടെക്‌നോളജീസാണ് ഈ ആപ്ലിക്കേഷൻ തയാറാക്കുന്നത്.

വാതില്‍പ്പടി വിതരണം നടത്തുന്ന വാഹനങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ക്രമക്കേട് ഒഴിവാക്കുന്നതിനുമായി ജിപിഎസ് ട്രാക്കിങ് സംവിധാനം സഹായിക്കും.

ഓപ്പറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത

വില്പന നടത്തുന്ന ഉല്പന്നങ്ങള്‍ക്ക് ബില്‍ നല്‍കുന്നുണ്ടോ, വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ജാഗ്രത. 50,000 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനയില്‍ ശിക്ഷ ഉണ്ടായിരിക്കില്ല.

ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതാണ് ഓപ്പറേഷന്‍ ക്ഷമത. ഇതിനായി സംസ്ഥാനത്തെ 1000 പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഈ പരിശോധനയിലും ശിക്ഷ ഉണ്ടായിരിക്കില്ല. എന്നാൽ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകൾ ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

നെല്ല് സംഭരണം ഊര്‍ജിതമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം ഊര്‍ജിതമാക്കി ഭക്ഷ്യവകുപ്പ്. കഴിഞ്ഞ സംഭരണ വര്‍ഷം (2020–21) 27 രൂപ 48 പൈസ നിരക്കില്‍ 2,52,160 കര്‍ഷകരില്‍ നിന്നും 7.65 ലക്ഷം മെട്രിക്ക് ടണ്‍ നെല്ല് സംഭരിക്കുകയും അതിന്റെ വിലയായ 2101.89 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

2021–22 സംഭരണ വര്‍ഷം ഇതുവരെ 2.45 ലക്ഷം മെട്രിക്ക് ടണ്‍ നെല്ല് 96,840 കര്‍ഷകരില്‍ നിന്നും സംഭരിക്കുകയും നെല്ലിന്റെ വിലയായി 622 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി. നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നെല്ലിന്റെ വില 28 രൂപ എന്നത് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ ബജറ്റില്‍ 20 പൈസ വര്‍ധിപ്പിച്ച് 28.20 ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: Com­plete e‑Office, Depart­ment of Food and Pub­lic Dis­tri­b­u­tion; New plans for Con­sumer Day

 

You may like this video also

Exit mobile version