ബിഹാറിലെ റോഹ്താസിൽ പുതുവത്സര ദിനത്തിൽ ഉദ്ഘാടനം ചെയ്യാനിരുന്ന റോപ് വേ പരീക്ഷണയോട്ടത്തിനിടെ തകർന്നു വീണു. റോഹ്താസ്‌ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നത്. അപകടസമയത്ത് കാബിനുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പദ്ധതിക്ക് 2019ലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. റോപ് വേയുടെ നാല് കാബിനുകളും അവയുടെ സപ്പോർട്ടിംഗ് പില്ലറുകളും പൂർണ്ണമായും തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചെയർമാന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കുകയും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും അഴിമതിയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2025 ജനുവരിയിൽ സോൻ നദിക്ക് കുറുകെയുള്ള പാലം തകർന്നതിന് സമാനമായ സംഭവമാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

