Site iconSite icon Janayugom Online

ഇന്ത്യയില്‍ വര്‍ധിക്കുന്ന ഭിന്നതയില്‍ ആശങ്ക: യൂറോപ്യൻ പാര്‍ലമെന്റ്

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍, ഭിന്നതയുണ്ടാക്കുന്ന നയങ്ങള്‍, വര്‍ധിച്ചുവരുന്ന ദേശീയവാദം എന്നിവയില്‍ ആശങ്കരേഖപ്പെടുത്തി യൂറോപ്യൻ പാര്‍ലമെന്റ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ യൂറോപ്യൻ പാര്‍ലമെന്റ് കൊണ്ടുവന്ന പ്രമേയം ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായുള്ള കലാപവും വേര്‍തിരിവും, വിദേശ സംഭാവന നിയന്ത്രണ നിയമം, സന്നദ്ധ സംഘടനകള്‍ക്കെതിരെയുള്ള യുഎപിഎ ചുമത്തല്‍ എന്നിവയിലേക്കും പ്രമേയം ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മണിപ്പൂരിലുള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാൻ തീവ്രവികാരമുണർത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കാൻ ഇന്ത്യൻ നേതാക്കളോട് ആവശ്യപ്പെടണമെന്ന് യൂറോപ്യൻ കൗണ്‍സിലിനോടും യൂറോപ്യൻ കമ്മിഷനോടും പ്രമേയം ആവശ്യപ്പെട്ടു.

കഴിഞ്ഞ മേയ് മുതല്‍ മണിപ്പൂരില്‍ കുക്കി-മെയ്തി വിഭാഗങ്ങള്‍ സംഘര്‍ഷം തുടരുകയാണ്. 200ഓളം പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ച് പോകുകയും ചെയ്തു. ജമ്മു കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ/മൗലികാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കണം.
ഇന്ത്യ‑പാകിസ്ഥാൻ വിഷയത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് നല്ല അയല്‍പ്പക്കബന്ധവും സൗഹൃദവും പുനഃസ്ഥാപിക്കാൻ ശ്രമിക്കണം. പൗരത്വ ഭേദഗതി നിയമം അപകടകരമാംവിധം ഭിന്നതയുണ്ടാക്കുന്നതാണെന്നും മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന മറ്റ് നിയമങ്ങളെ പോലെ അതും ആശങ്കയുളവാക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. 

സുരക്ഷിതവും ജനാധിപത്യപരവുമായ അന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരായ ജനങ്ങള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ദളിത് അവകാശ സംരക്ഷകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാൻ അവസരം നല്‍കണം. സാമൂഹ്യ സംഘടനകളെ നിയന്ത്രിക്കുന്നതിനായി രാജ്യദ്രോഹം, വിദേശ ഫണ്ടിങ്, തീവ്രവാദം എന്നിവയില്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതില്‍ ഇന്ത്യയെ തടയണമെന്നും യൂറോപ്യൻ പാര്‍ലമെന്റ് പറഞ്ഞു. 

Eng­lish Summary;Concerned over grow­ing divide in India: Euro­pean Parliament
You may also like this video

Exit mobile version