Site iconSite icon Janayugom Online

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നു; നടപടികള്‍ക്ക് തുടക്കമിട്ട് ആദിത്യനാഥ് സര്‍ക്കാര്‍

വിവാദ ഭേദഗതി നിയമം പാസായതോടെ വഖഫ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബിജെപി സര്‍ക്കാരുകള്‍ നീക്കം തുടങ്ങി. ആദ്യനടപടി ഉത്തര്‍ പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാരാണ് ആരംഭിച്ചത്. മുഴുവന്‍ ജില്ലാ കളക്ടര്‍മാരും തങ്ങളുടെ അധീനതയിലുള്ള അനധികൃത വഖഫ് സ്വത്ത് കണ്ടെത്തി കണ്ടുകെട്ടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.നിയമവിരുദ്ധ വഖഫ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രചരണ പ്രവര്‍ത്തനം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന റവന്യു വകുപ്പിന്റെ ഔദ്യോഗിക രേഖയില്‍ 2,963 വഖഫ് സ്വത്തുക്കള്‍ മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത 1.30 ലക്ഷം സ്വത്തുക്കളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഈ സ്വത്തുക്കളാവും പിടിച്ചെടുക്കുകയെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംസ്ഥാനത്ത് വന്‍തോതില്‍ സ്വത്തുക്കള്‍ വഖഫിന്റെ കീഴില്‍ ഉള്ളതായും ഇവ ഉടനടി കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

ഗ്രാമ സമാജിന്റെ കീഴിലുള്ള ഭൂമി, കളം എന്നിവയും വഖഫ് സ്വത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സംഭാവന നല്‍കിയ ഭൂമി മാത്രമാകും ഇനി വഖഫിന് കീഴില്‍ നിലനിര്‍ത്തുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യഥാര്‍ത്ഥ വഖഫ് ഭൂമിയും സ്വത്തുകളും തിരിച്ചറിയാന്‍ സര്‍വേ നടപടിയിലേക്കും റവന്യു വകുപ്പ് കടന്നിട്ടുണ്ട്. ബരാബങ്കി, സീതാപൂര്‍, ബറേലി, സഹാരണ്‍പൂര്‍, ബിജ്നോര്‍, മുസഫര്‍നഗര്‍, മൊറാദാബാദ് തുടങ്ങിയ ജില്ലകളിലാണ് വഖഫ് സ്വത്തുക്കളില്‍ അധികവുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ മേഖലകളിലെല്ലാം കഴിഞ്ഞദിവസം സുരക്ഷാസേനയെ അധികമായി വിന്യസിച്ചത് വഖഫ് സ്വത്ത് പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ടായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു.

മുസ്ലിം ഭൂരിപക്ഷ ജില്ലകളിലെ കളക്ടര്‍മാര്‍ രേഖകള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പിന്നാലെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വീടുകള്‍ ഇടിച്ചുനിരത്തിയും സംഭാല്‍ അടക്കമുള്ള പള്ളികളില്‍ അവകാശം സ്ഥാപിക്കാനുമുള്ള തീവ്ര ശ്രമം നടന്നുവരുന്നതിടെയാണ് വിവാദ വഖഫ് ഭേദഗതി നിയമം ആയുധമാക്കി മുസ്ലിം സ്വത്ത് പിടിച്ചെടുക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി വിമര്‍ശിച്ചു. ഭേദഗതി നിയമത്തിന് പിന്നാലെ ന്യൂനപക്ഷങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നതായി എസ്‌പി നേതാവ് ഫക്രുല്‍ ഹസന്‍ പ്രതികരിച്ചു.

രാജ്യവ്യാപക പ്രതിഷേധം

വിവാദ വഖഫ് നിയമ ഭേദ​ഗതി ബിൽ പാസായതോടെ ദേശവ്യാപകമായ പ്രതിഷേധങ്ങളും തുടങ്ങി. കൊൽക്കത്തയിലും ചെന്നൈയിലും അഹമ്മദാബാദിലും വഖഫ് ഭേദഗതിയെ എതിർക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി ദേശീയ പതാകകളുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി.
റോഡുകൾ ഉപരോധിച്ച് പ്രതിഷേധം നടത്തിയത് ചെന്നൈയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കി. എഐഎംഐഎം, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം തുടങ്ങിയ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലും കോയമ്പത്തൂരിലും ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പൊലീസിന് പുറമെ അര്‍ധസൈനിക സേനകളെയും വിന്യസിച്ചു.

Exit mobile version