Site icon Janayugom Online

പ്രതീക്ഷയ്ക്ക് തിരിച്ചടിയായി പടലപ്പിണക്കം; ബിജെപിയില്‍ നിന്നും കുത്തൊഴുക്ക്

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്നും മറ്റ് പാര്‍ട്ടികളിലേക്ക് കുത്തൊഴുക്ക്. സീറ്റ് ലഭിക്കാത്തതിലെ അതൃപ്തിയും പാര്‍ട്ടിയിലെ മോഡി-അമിത് ഷാ ആധിപത്യത്തിനെതിരെയുള്ള പ്രതിഷേധവുമാണ് പല നേതാക്കളും പാര്‍ട്ടിവിടാനുള്ള കാരണം. നാള്‍ക്കുനാള്‍ പാര്‍ട്ടിയില്‍ അസംതൃപ്തരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുന്നത് അധികാരം നിലനിര്‍ത്താമെന്ന ബിജെപി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. ഇത്തവണത്തെ ബിജെപി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികളില്‍ നിന്ന് വിട്ടുവന്നവരാണ്. പരമ്പരാഗത പ്രവർത്തകരെ ഒഴിവാക്കി കൂറുമാറ്റക്കാരെ സ്ഥാനാർത്ഥിയാക്കിയതില്‍ ബിജെപിക്കുള്ളില്‍ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. ഉത്തർപ്രദേശില്‍ പ്രഖ്യാപിച്ച 64 സ്ഥാനാർത്ഥികളില്‍ 20 പേരും മറ്റുള്ള പാർട്ടികളില്‍ നിന്നുള്ളവരാണ്. ഹരിയാനയിലെ 10ല്‍ ആറ് പേരും കൂറുമാറിയവരാണ്. മിക്കവരും കോണ്‍ഗ്രസിലുണ്ടായിരുന്നവരാണ്. മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച 24ല്‍ ഏഴും ഝാർഖണ്ഡിലെ 14 സ്ഥാനാർത്ഥികളില്‍ ആറു പേരും പുറത്ത് നിന്നുള്ളവരാണ്.

തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 61 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അതില്‍ 31 സീറ്റുകളും നല്‍കിയിരിക്കുന്നത് മറ്റു പാർട്ടികള്‍ വിട്ടുവന്നവർക്കാണ്. ആന്ധ്രാപ്രദേശില്‍ ആറ് സ്ഥാനാർത്ഥികളില്‍ അഞ്ച് സീറ്റും പുറത്തുനിന്നെത്തിയവർക്കാണ്. മുൻ കേന്ദ്ര മന്ത്രി ബിരേന്ദർ സിങ്ങാണ് ഏറ്റവുമൊടുവില്‍ ബിജെപിയിൽ നിന്ന് രാജിവച്ച് പുറത്തുപോയത്. ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയും പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് രാജിക്കത്ത് അയയ്ക്കുകയും ചെയ്തതായി ബിരേന്ദർ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ എംഎൽഎയുമായ പ്രേംലതയും പാർട്ടി വിട്ടു. ഇന്ന് ഇരുവരും കോൺഗ്രസിൽ ചേരും. നാല് ദശാബ്ദത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 10 വർഷം മുമ്പാണ് ബിരേന്ദർ സിങ് ബിജെപിയിൽ ചേർന്നത്. ഒന്നാം മോഡി സർക്കാരിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്റ് വകുപ്പുകൾ എന്നിവ ബിരേന്ദർ സിങ് വഹിച്ചിരുന്നു.

മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിങ് എംപി ബിജെപി വിട്ടിരുന്നു. തെലങ്കാനയില്‍ മുന്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന എപി ജിതേന്ദര്‍ റെഡ്ഡിയും മകനും കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടി. കർണാടകയില്‍ മകന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകുമെന്ന ഭീഷണി തുടരുകയാണ്. ഹവേരി, ധർവാഡ് സീറ്റുകളിലൊന്നില്‍ മത്സരിക്കാൻ താല്പര്യപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും കടുത്ത അതൃപ്തിയിലാണെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: Con­flict as a set­back to hope; Inflow from BJP
You may also like this video

Exit mobile version