Site iconSite icon Janayugom Online

യുഡിഎഫില്‍ കലഹം രൂക്ഷം

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തൃശൂര്‍ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രദേശികമായി നല്‍കിയ പട്ടികകള്‍ ജില്ലയിലെ ഉന്നത നേതാക്കള്‍ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജോസഫ് ടാജറ്റിനെ ഡിസിസിയിലെത്തി തടഞ്ഞ് മുദ്രവാക്യം മുഴക്കിയത്. കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ മാറ്റിയാണ് പുതിയ ലിസ്റ്റ് ഇറക്കിയത്. ഇതിലുള്ള പ്രതിഷേധം കഴിഞ്ഞ ആഴ്ച ഡിസിസി ഓഫിസിലെത്തി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വലിയ തര്‍ക്കങ്ങളും പരസ്യ പ്രതിഷേധവും നടക്കുകയും ചെയ്തു.
പ്രശ്നം വഷളാകുമെന്ന് കണ്ട് മുതിര്‍ന്ന നേതാക്കളെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അങ്ങനെയാണ് പ്രതിഷേധം തണുപ്പിച്ചത്. എന്നാല്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കുന്നില്ലെന്ന് മനസിലാക്കിയ മറ്റത്തൂരിലെ സാധാരണ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്നലെ പരസ്യമായ പ്രതിഷേധത്തിന് ഇറങ്ങിയത്. മറ്റത്തൂരിലും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് കോര്‍ കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക അട്ടിമറിക്കുന്നതിലേക്ക് എത്തിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ മുറിയിലും പുറത്തും തമ്പടിച്ചവര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം ശക്തമാക്കിയത്.

മുന്‍ ഡിസിസി പ്രസിഡന്റും ഇപ്പോള്‍ കെപിസിസി സെക്രട്ടറിയുമായ ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക അട്ടിമറിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതിന് പണവും ചോദിച്ചു വാങ്ങിയെന്നാണ് ഇവരുടെ ആരോപണം. പ്രദേശത്ത് കോണ്‍ഗ്രസിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ പണം വാങ്ങി കെട്ടിയിറക്കുന്നത് അനുവദിക്കില്ലെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പക്ഷം. ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍, പണം വാങ്ങി പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ പരസ്യമാക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരം ഡിസിസി ഓഫീസിനെയും പ്രസിഡന്റിനെയും മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ജില്ലാ നേതാക്കളെത്തി ഇത്തവണയും അനുനയിപ്പിച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോര്‍പറേഷന്‍ തലം മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലംവരെ വലിയ പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയി. പലരും വിമതരായി പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി ഡിസിസി ജനറൽ സെക്രട്ടറി രവി താണിക്കല്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. വടൂക്കര ഡിവിഷനിലും പണം വാങ്ങി സ്ഥാനാര്‍ത്ഥികളെ ഇറക്കിയെന്നാരോപണം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. പലരും ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്തവരാണെന്നും പണത്തിന്റെ മാത്രം പിന്‍ബലത്തിലാണ് സീറ്റ് തരപ്പെടുത്തിയതെന്നുമുള്ള ആരോപണങ്ങളാണ് ജില്ലയില്‍ പലയിടത്തും നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്നത്. 

Exit mobile version