ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തമ്മിലടി തുടങ്ങി. ഇന്നലെ വിജയപ്രഖ്യാപനമുണ്ടായതിന് ശേഷം മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെയാണ് തമ്മിലടിയും തുടങ്ങിയത്. ഗുജറാത്തിലെ തകര്‍ച്ചയ്ക്ക് ആശ്വാസമായ ഹിമാചലിലെ വിജയം കോണ്‍ഗ്രസിനും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചുമതലയുള്ള പ്രിയങ്ക ഗാന്ധിക്കും കീറാമുട്ടിയാകുകയാണ്.
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതിന് ശേഷം തെരഞ്ഞെടുപ്പില്‍ ജയിച്ചവരും മത്സരിക്കാത്തവരും വരെയാണ് ചരടുവലികള്‍ നടത്തുന്നത്. പാര്‍ട്ടിയുടെ മുൻഅധ്യക്ഷൻ സുഖ് വീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രിയെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി കസേരയുടെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് സുഖ് വീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. അതോടെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷയും ലോക്സഭാംഗവുമായ പ്രതിഭാ സിംഗിന്റെ മകനും എംഎല്‍എയുമായ വിക്രമാദിത്യ സിംഗ് പ്രതിഭ മുഖ്യമന്ത്രയാകുമെന്ന സൂചന നല്‍കിയത്.
പാര്‍ട്ടിയുടെ പ്രചാരണ കമ്മിറ്റി അധ്യക്ഷനും ദീര്‍ഘകാലം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു സുഖ് വീന്ദര്‍ സിംഗ്. പ്രതിഭ മുഖ്യമന്ത്രിയായാല്‍ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും. ഇതില്‍ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ വീരഭദ്ര സിംഗിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് എന്നാണ് പ്രതിഭയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് അധികാരം നിലനിര്‍ത്താൻ ശ്രമിക്കുന്ന ബിജെപി ഈ സാഹചര്യം ഉപയോഗിക്കാനുള്ള സാഹചര്യമാണുള്ളത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റിയിരുന്നു. ഷിംലയിലെ റാഡിസണ്‍ ഹോട്ടലില്‍ ഇപ്പോള്‍ എംഎല്‍എമാരുടെ യോഗം നടക്കുകയാണ്.
English Summery: Conflict Started In Himachal Pradesh On Chief Minister Post