Site iconSite icon Janayugom Online

കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;അതി ജാഗ്രത

സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇ.യിൽ നിന്നും എറണാകുളത്ത് എത്തിച്ചേർന്ന ഭർത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമൈക്രോൺ സ്ഥിരീകരിച്ചത്.ഡിസംബർ 8ന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി. അതിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഇരുവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചത്.ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 6 പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന 3 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി അറിയിച്ചു.

eng­lish summary;two more omi­cron cas­es report­ed in kerala
you may also like this video;

Exit mobile version