ബിജെപിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണെന്നും, ആശയവ്യക്ത ഉള്ളവര്‍ വേണം പാര്‍ലമെന്റില്‍ എത്തേണ്ടതെന്ന് മുഖ്യമന്ത്രി ചെറായില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അഭയാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ വേര്‍തിരിച്ചപ്പോഴും, പൗരത്വ നിയമം നടപ്പിലാക്കാന്‍ ചട്ടം നിലവില്‍ വന്നപ്പോള്‍ പോലും കോണ്‍ഗ്രസ് മൗനം പാലിച്ചു.
വയനാടില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിന് ലീഗിന്റെ പതാക ഒഴിവാക്കിയത് സംഘപരിവാറിനെ പേടിച്ചാണെന്നും ഇങ്ങനെ ഉള്ളവര്‍ ആണോ രാജ്യം ഭരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് കോണ്‍ഗ്രസിന് ഇല്ല. കഴിഞ്ഞ തവണ ജയിച്ച് പോയ യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തിനു വേണ്ടി പാര്‍ലിമെന്റില്‍ നീതിപൂര്‍വ്വം സംസാരിച്ചിട്ടുണ്ടോ എന്ന് ജനം ചിന്തിക്കണം.
ജമ്മു കാശ്മീര്‍ സംസ്ഥാന പദവി റദ്ദാക്കിയത്, 370 ആര്‍ട്ടിക്കില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ എതിര്‍ത്തില്ല. മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസ് ബോണ്ട് സ്വീകരിച്ച വാര്‍ത്ത വന്ന ശേഷം വി ഡി സതീശന്‍ പൊതു സമൂഹത്തിനോട് കസര്‍ത്തു കളിക്കുകയാണ്. ദേശീയതലത്തില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ക്കെതിരെ കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തിനകത്ത് അന്വേഷണം ഏജന്‍സികള്‍ക്കും കോണ്‍ഗ്രസിനും ഒരേ ശബ്ദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary:Congress and BJP have the same position on many issues: Chief Minister Pinarayi Vijayan
You may also like this video